കൽപ്പറ്റ
കാർഷിക, വ്യാവസായിക, വ്യാപാരമേഖലകളിൽ സംരംഭക വികസനം ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ ഈ വർഷം 100 കോടി രൂപയുടെ വായ്പ നൽകും. 2022–-23 വർഷത്തിൽ അധിക തൊഴിലും വരുമാനവും സൃഷ്ടിക്കലാണ് ലക്ഷ്യം. ഇതിനായി ധാരണപത്രം ഒപ്പിട്ടു. കോഴിക്കോട് എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വക്കിയിൽ, ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ബാബുരാജ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. എസ്ബിഐ ജനറൽ മാനേജർ തലച്ചിൽ ശിവദാസ്, ബ്രഹ്മഗിരി ചെയർമാൻ പി കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
അപേക്ഷയും വായ്പയും ഇങ്ങനെ
അപേക്ഷകരെ സഹായിക്കാൻ കൽപ്പറ്റയിൽ ബ്രഹ്മഗിരി ബാങ്കബിൾ പ്രൊജക്ട് സെൽ പ്രവർത്തനം തുടങ്ങി. വ്യക്തികൾ, സ്വയംസഹായ സംഘങ്ങൾ, സംരംഭക സ്ഥാപനങ്ങൾ എന്നിവർക്ക് സേവനം നൽകും. പദ്ധതികൾ വിലയിരുത്തി ബാങ്കബിൾ പ്രോജക്ട് സെൽ നൽകുന്ന ശുപാർശകളിലാണ് വായ്പ നൽകുക. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാർഷിക, വ്യാവസായിക, വ്യാപാര മേഖലകളിൽ നടപ്പാക്കുന്ന സബ്സിഡികൾ സംരംഭകർക്ക് ലഭ്യമാകും.
10 ലക്ഷംവരെയുള്ള മുദ്ര ലോൺ ജാമ്യമില്ലാതെ ലഭിക്കും. ആവശ്യമായ മൂലധനം ഉയർന്ന പരിധിയില്ലാതെ വായ്പയായി നൽകും. മുൻഗണനക്കാർക്ക് 35–-40 ശതമാനം സബ്സിഡി ലഭിക്കും.
ബ്രഹ്മഗിരി വ്യാപാര ഔട്ട്ലെറ്റുകൾ, മൃഗപരിപാലന ഫാമുകൾ, കാർഷിക, വ്യാവസായിക സംസ്കരണ സംരംഭങ്ങൾ എന്നിവ നടത്തുന്നവർക്കും വായ്പ ലഭിക്കും. പദ്ധതികളിൽ സർവീസ് പ്രൊവൈഡറുടെ സ്ഥാനമാണ് ബ്രഹ്മഗിരി വഹിക്കുക. വിശദവിവരങ്ങൾ www.brahmagiri.orgൽ ലഭിക്കും. ഫോൺ 9947772226, 9645204942.