തിരുവനന്തപുരം> ചരിത്രശേഷിപ്പിന്റെ അമൂല്യനിധിയായ താളിയോലകൾക്കായി രാജ്യത്തെ ആദ്യ മ്യൂസിയം തിരുവനന്തപുരത്ത് ഒരുങ്ങുന്നു. പുരാരേഖാവകുപ്പിന്റെ കൈവശമുള്ള പതിനാലാം നൂറ്റാണ്ടുമുതലുള്ള താളിയോലകളുടെ അപൂർവശേഖരമാണ് കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്സ് മ്യൂസിയത്തിൽ സജ്ജീകരിക്കുന്നത്. സെപ്തംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. പുരാരേഖകൾ നേരിട്ട് കാണാനും വായിക്കാനും ഗവേഷണം നടത്താനും സൗകര്യമുണ്ടാകും. കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ് സജ്ജീകരണ ചുമതല. താളിയോലകളിൽ അധികവും ഭരണപരമായ രേഖകളാണ്. വേണാട് കാലഘട്ടംമുതലുള്ള ഭരണരേഖ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ–– സാമൂഹ്യ വിവരം, പത്മനാഭപുരം കൊട്ടാരത്തിലെ രേഖകൾ അടക്കമുള്ളവ പ്രദർശനത്തിനുണ്ടാകും.
ഇവ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
കേരളത്തിലെ പഴയ തറവാടുകളിൽ ഉൾപ്പെടെയുള്ള സംരക്ഷിക്കപ്പെടാതെ നശിക്കുന്ന താളിയോലകളെ വീണ്ടെടുക്കാനും സൂക്ഷിക്കാനും “കമ്യൂണിറ്റി ആർക്കൈവ്സ്’ എന്ന പേരിൽ പദ്ധതിയുണ്ട്. ആവശ്യമെങ്കിൽ അതതു വീടുകളിൽ സൂക്ഷിക്കുന്നതിനും സൗകര്യം ഒരുക്കും.