ആലപ്പുഴ
ബിജെപി ജില്ലാ പ്രസിഡന്റും ട്രഷററും ചേർന്ന് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് വെളിപ്പെടുത്തി മുൻ മണ്ഡലം പ്രസിഡന്റ്. ബിജെപി ചെങ്ങന്നൂർ മുൻമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂരാണ് ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറും ട്രഷറർ കർത്തായും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക് ലൈവിലൂടെ വെളിപ്പെടുത്തിയത്.
ഗോപകുമാറും കർത്തായും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലക്ഷങ്ങൾ നേതൃത്വത്തിൽനിന്ന് പിരിവായും കൈപ്പറ്റിയെന്നും ഇതിന്റെയൊന്നും കണക്ക് അവതരിപ്പിച്ചില്ലെന്നും സതീഷ് പറഞ്ഞു. സ്ഥാനാർഥികൾക്ക് നിശ്ചിതതുക കേന്ദ്രനേതൃത്വം നൽകിയിരുന്നു. ചെങ്ങന്നൂരിൽ സ്ഥാനാർഥിയായ എം വി ഗോപകുമാറിന്റെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ 10 ലക്ഷം രൂപ ബിജെപി ദേശീയസമിതി നിക്ഷേപിച്ചു. ആ 10 ലക്ഷത്തിന്റെ കണക്കുപോലും മണ്ഡലം കമ്മിറ്റിയിൽ അവതരിപ്പിച്ചില്ല. കൂടാതെ നാട്ടുകാരിൽനിന്ന് നേരിട്ട് തെരഞ്ഞെടുപ്പ് ഫണ്ടെന്നപേരിൽ കണക്കില്ലാത്ത പിരിവും നടത്തി–- സതീഷ് ചെറുവല്ലൂർ വെളിപ്പെടുത്തി.
കൊടകരയിൽ ബിജെപിയുടെ കുഴൽപ്പണക്കേസിൽ ആരോപണവിധേയനാണ് ജില്ലാ ട്രഷറർ കർത്ത. മറുപടി നൽകാൻ ബിജെപി ജില്ലാനേതൃത്വം തയ്യാറായിട്ടില്ല. പി കെ കൃഷ്ണദാസ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മിറ്റിയിൽ മുൻ ജില്ലാ പ്രസിഡന്റ് കെ സോമനും എം വി ഗോപകുമാറും തമ്മിലുള്ള ഭിന്നതയാണ് തട്ടിപ്പ് പുറത്താക്കിയത്.