ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല. കരിനിയമമായ റൗലറ്റ് ആക്ടിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരെ അറസ്റ്റുചെയ്തു.
അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്സർ നഗരത്തിൽ ചുറ്റിലും മതിൽ കെട്ടിയിട്ടുള്ള തുറസ്സായ മൈതാനമായ ജാലിയൻവാലാ ബാഗിൽ ആയിരങ്ങൾ സമാധാനപരമായി യോഗം ചേർന്നു. ഇതിനുനേരെ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ കിരാത നടപടിയായിരുന്നു കൂട്ടക്കൊല.|
1919 ഏപ്രിൽ 13നു വൈകിട്ട് അഞ്ചരയ്ക്ക് യോഗം നടക്കുന്ന സ്ഥലത്തേക്ക് എത്തിയ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഡയറിന്റെ നേതൃത്വത്തിലുള്ള സംഘം ആൾക്കൂട്ടത്തിനുനേരെ വെടിയുതിർത്തു. പ്രകോപനമില്ലാതെയാണ് ജനക്കൂട്ടത്തിനുനേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത്. പത്തു മിനിറ്റിനിടയിൽ ഏതാണ്ട് 1650 റൗണ്ട് വെടിയുതിർത്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ് മരിച്ചവരും നിരവധി. 120- മൃതദേഹം ജാലിയൻവാലാ ബാഗിലെ കിണറിൽനിന്നു മാത്രം കണ്ടെത്തി. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരിച്ചു.
ആയിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. യഥാർഥത്തിൽ ആയിരത്തിലധികംപേർ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുയോഗങ്ങൾ സംഘടിപ്പിക്കരുതെന്ന ഉത്തരവ് ലംഘിച്ചതിനു നൽകിയ ശിക്ഷയാണ് കൂട്ടക്കൊലയെന്നാണ് ഡയർ സംഭവത്തെ ന്യായീകരിച്ചത്.കൂട്ടക്കൊലയ്ക്കെതിരെ നാടെങ്ങും ശക്തമായ പ്രതിഷേധമുയർന്നു. ബ്രിട്ടീഷുകാർ നൽകിയ ബഹുമതികൾ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ഉപേക്ഷിച്ചു.
ഹണ്ടർ കമീഷൻ
കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്കോട്ട്ലൻഡിലെ സോളിസിറ്റർ ജനറലായിരുന്ന വില്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിൽ കമീഷനെ നിയമിച്ചു. ജനക്കൂട്ടം ജാലിയൻവാലാ ബാഗിൽ ഒത്തുകൂടിയിട്ടുണ്ടെങ്കിൽ വെടിവയ്പു നടത്താൻ കരുതിത്തന്നെയാണ് പോയതെന്നാണ് ഡയർ കമീഷനു മുമ്പാകെ മൊഴിനൽകി.
യന്ത്രവൽക്കൃത തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ മൈതാനത്തേക്ക് കടത്താന് കഴിഞ്ഞിരുന്നെങ്കിൽ അതുപയോഗിച്ചും വെടിയുതിർത്തേനെയെന്നും ഡയർ മൊഴിനൽകി. ഡയർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഒരുവിധ ശിക്ഷയും ശുപാർശ ചെയ്തില്ല.
ഉദ്ദം സിങ്ങിന്റെ പ്രതികാരം
നീണ്ട 21 വർഷത്തിനുശേഷം കൂട്ടക്കൊലയ്ക്ക് ലണ്ടനിൽവച്ച് തോക്കിൻ കുഴലിലൂടെ മറുപടി നൽകിയ ധീരദേശാഭിമാനിയാണ് ഉദ്ദം സിങ്. ജാലിയൻവാലാ ബാഗിനുശേഷം ഇന്ത്യ വിട്ട ഡയറിനെ പിന്തുടർന്ന് ഉദ്ദം സിങ് ലണ്ടനിൽ എത്തി. 1940 മാർച്ച് 12നു ഇംഗ്ലണ്ടിലെ കാക്സ്റ്റൺ ഹാളിൽ റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റിയും ഈസ്റ്റ് ഇന്ത്യാ അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഡയറെ ഉദ്ദം സിങ് വെടിവച്ചുകൊന്നു. കോടതി വധശിക്ഷ വിധിച്ച ഉദ്ദം സിങ്ങിനെ 1940 ജൂൺ 12നു തൂക്കിലേറ്റി.
100–-ാം വർഷം ഖേദപ്രകടനം
ജാലിയൻവാലാ ബാഗിന്റെ 100–-ാം വാർഷികത്തോട് അനുബന്ധിച്ച് 2019-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് പാർലമെന്റിൽ കൂട്ടക്കൊലയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചു. പ്രതിപക്ഷത്തിന്റെ സമ്മർദത്തിനു വഴങ്ങിയായിരുന്നു ഖേദപ്രകടനം. എന്നാൽ, ഖേദപ്രകടനമല്ല നിരുപാധികം മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഇന്ത്യൻ പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാ ബാഗിൽ നടന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ 2013ൽ തന്റെ ഇന്ത്യാ സന്ദർശനത്തിനിടെ പറഞ്ഞു.