അബുദാബി> യുഎഇ ഗവൺമെന്റ് ഗോൾഡൻ വിസയ്ക്ക് പരിഗണിച്ച 46 വിദ്യാർത്ഥികളെ ശക്തി തിയറ്റേഴ്സ് അബുദാബി ആദരിച്ചു.
ശക്തി ബാലസംഘം അവതരിപ്പിച്ച ‘മനസ്സ് നന്നാവട്ടെ’ എന്ന് തുടങ്ങുന്ന സംഘഗാനത്തോടു കൂടി ആരംഭിച്ച ആദരിക്കൽ ചടങ്ങ് എൽഎൽഎച്ച് ഹോസ്പിറ്റൽ ഡപ്യൂട്ടി ഡയറക്ടർ ലോണ ബ്രിന്നർ ഉദ്ഘാടനം ചെയ്തു.
ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷനായ ചടങ്ങിൽ അബുദാബി മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ എ എം ഷരീഫ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാർ, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് റാഷിദ് പൂമാടം, എൽഎൽഎച്ച് ഹോസ്പിറ്റൽ മാർക്കറ്റിങ്ങ് മാനേജർ നിർമ്മൽ എന്നിവർ സംസാരിച്ചു.
കേരള ബോർഡ് സിലബസ് പ്രകാരം ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായിരുന്നു യുഎഇ ഗവൺമെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചത്. കേരള സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നുള്ളത് സംസഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന് ലഭിച്ച അംഗീകാരവും അഭിമാനവുമാണ്.
ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരങ്ങൾ. പുരസ്കാരങ്ങൾ സംഘടനാ ഭാരവാഹികൾ വിതരണം ചെയ്തു. പുരസ്കാര സമർപ്പണത്തിനു കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ നേതൃത്വം നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.