ന്യൂഡൽഹി
സിബിഎസ്ഇ പത്ത്, 12 ക്ലാസുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ‘അനാരോഗ്യകരമായ മത്സരം’ കണക്കിലെടുത്ത് മൂന്നാം വർഷവും മെറിറ്റ് ലിസ്റ്റും റാങ്കും ഒഴിവാക്കി. എന്നാൽ, ഏറ്റവും കൂടുതൽ മാർക്ക് നേടിയ 0.1 ശതമാനം പേരുടെ മെറിറ്റ് ലിസ്റ്റ് പിന്നീട് പുറത്തിറക്കും.
പരാജയപ്പെട്ടവർക്കുള്ള കമ്പാർട്ട്മെന്റ് പരീക്ഷ ആഗസ്ത് 23 മുതൽ നടക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. അടുത്തവർഷത്തെ ബോർഡ് പരീക്ഷ 2023 ഫെബ്രുവരിയിലായിരിക്കും. സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നത് തുടർപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വലിയ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. 12-–-ാം ക്ലാസ് പരീക്ഷാഫലം വരുന്നതുവരെ സര്‍വകലാശാലാ പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചിരുന്നു.
പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ ഉത്തർപ്രദേശ് സ്വദേശികളായ താന്യ സിങ്, യുവാക്ഷി വിജി എന്നിവർ മുഴുവൻ മാർക്കും നേടി. 10–-ാം ക്ലാസ് പരീക്ഷയെഴുതിയ 20,93,978 വിദ്യാർഥികളിൽ 19,76,668 പേർ പാസായി. പന്ത്രണ്ടിൽ 14,35,366 വിദ്യാർഥികളിൽ 13,30,662 പേരാണ് പാസായത്. പന്ത്രണ്ടിൽ പരീക്ഷയെഴുതിയ എല്ലാ ട്രാൻസ്ജെൻഡർ വിദ്യാർഥികളും ജയിച്ചു. പത്തിൽ 94.40 ശതമാനമാണ് വിജയശതമാനം. രണ്ട് ടേമിലായിരുന്നു പരീക്ഷ.