തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങളിലെ 20 വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് പത്തും യുഡിഎഫ് ഒമ്പതും വാർഡുകളിൽ വിജയിച്ചു. ബിജെപി ഒന്നിൽ ഒതുങ്ങി.10 ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 പഞ്ചായത്ത് വാർഡ്കളിലായിരുന്നു തെരഞ്ഞെടുപ്പ്.
പാലക്കാട് -തൃത്താല ബ്ലോക്കിലെ കുമ്പിടി- ഡിവിഷൻ, ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി, കോട്ടയം കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂർ, ഇടുക്കി രാജകുമാരി പഞ്ചായത്തിലെ കുംഭപ്പാറ, തൃശൂർ കൊണ്ടാഴി പഞ്ചായത്തിലെ മൂത്തേടത്ത്പടി, കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ പള്ളിക്കര സൗത്ത്, കാസർകോട് കുമ്പള പഞ്ചായത്തിലെ പെർവാഡ്, കള്ളാർ പഞ്ചായത്തിലെ ആടകം, മലപ്പുറം മുനിസിപ്പാലിറ്റി മൂന്നാംപടി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി തോയമ്മൽ എന്നിവ എൽഡിഎഫ് നിലനിർത്തി. കാസർകോട് ബദിയഡുക്ക പഞ്ചായത്ത് പട്ടാജെ വാർഡ് ബിജെപിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ അച്ചൻകാനത്ത് യുഡിഎഫും ബിജെപിയും ചേർന്ന് എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 140 വോട്ടിന് കോൺഗ്രസ് ജയിച്ച വാർഡിൽ ബിജെപി വോട്ട് 88ൽനിന്ന് 11 ആയി.
തിരൂരങ്ങാടി ബ്ലോക്കിലെ പാറക്കടവ്-, മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്, ചവറ കൊറ്റംകുളങ്ങര, കുറ്റിപ്പുറം എടച്ചലം, പള്ളിക്കര പള്ളിപ്പുഴ, ആലുവ മുനിസിപ്പാലിറ്റി പുളിഞ്ചോട്, മഞ്ചേരി മുനിസിപ്പാലിറ്റി കിഴക്കേതല എന്നിവയാണ് യുഡിഎഫ് നിലനിർത്തിയത്. കൊല്ലം ഇളമ്പള്ളൂർ ആലുംമൂട് വാർഡിൽ ബിജെപി ജയിച്ചു.