ന്യൂഡൽഹി
കോവിഡിനെത്തുടർന്ന് മടങ്ങിയ പതിനായിരക്കണക്കിന് വിദേശ വിദ്യാർഥികൾക്ക് വൈകാതെ മടങ്ങാമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് പ്രഖ്യാപിച്ചു. ആഗോള ബിസിനസ് ഭീമന്മാരുമായുള്ള വിഡിയോ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
23,000 ഇന്ത്യൻ വിദ്യാർഥികൾ ചൈനയിൽ പഠിക്കുന്നുണ്ട്. ചില രാജ്യത്തെ വിദ്യാർഥികൾ ചൈനയിൽ തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിരോധനം കഴിഞ്ഞമാസം ചൈന പിൻവലിച്ചു. തിരികെയെത്താൻ ആഗ്രഹമറിയിച്ച ഇന്ത്യൻ വിദ്യാർഥികളുടെ വിസ അപേക്ഷയിൽ നടപടി പുരോഗമിക്കുകയാണ്. ചില രാജ്യത്തുനിന്നുള്ള വിമാന സർവീസ് ചൈനയിലേക്ക് തുടങ്ങിയെങ്കിലും ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല.
വൈകാതെ ഇതിലും ധാരണയാകും. ഇന്ത്യൻ വിദേശ മന്ത്രാലയവുമായി സംസാരിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശ വക്താവ് വാങ് വെൻബിൻ സ്ഥിരീകരിച്ചു.