ബംഗളൂരു
തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. ശിവമോഗ ജില്ലയിലെ സ്വന്തം നിയോജകമണ്ഡലമായ ശിക്കാരിപുര മകൻ ബി വൈ വിജയേന്ദ്രയ്ക്ക് വിട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയേന്ദ്രയ്ക്ക് പാര്‍ടി പ്രവര്‍ത്തകരും കര്‍ണാടകത്തിലെ ജനങ്ങളും പിന്തുണ നൽകണമെന്നും യെദ്യൂരപ്പ അഭ്യര്‍ഥിച്ചു.
യെദ്യൂരപ്പയ്ക്ക് എതിരായ
അഴിമതിക്കേസിൽ സ്റ്റേ
കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് എതിരായ അഴിമതിക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള അപ്പീലിലാണ് സുപ്രീംകോടതി ഇടപെടൽ. യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായിരുന്ന 2006 ഫെബ്രുവരിമുതൽ 2008 ഒക്ടോബർവരെ ഭൂമി പുനർവിജ്ഞാപനം ചെയ്ത് സംരംഭകർക്ക് കൈമാറിയതിൽ ക്രമക്കേടുണ്ടെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയിരുന്നത്.