കൊളംബോ
പ്രസിഡന്റിന്റെ സെക്രട്ടറിയറ്റിനുമുന്നിൽ സമരം ചെയ്തവരെ അടിച്ചിറക്കി ലങ്കൻ പൊലീസ്. വെള്ളിയാഴ്ച പുലർച്ചെയാണ് ലാത്തികളും ഓട്ടോമാറ്റിക് റൈഫിളുകളുമായെത്തിയ പൊലീസും സേനാംഗങ്ങളും പ്രക്ഷോഭകർക്കെതിരെ അതിക്രമം നടത്തിയത്. പ്രക്ഷോഭകരുടെ ടെന്റുകൾ പൊളിച്ചു. പ്രചാരണസാമഗ്രികൾ എടുത്തെറിഞ്ഞു. പൊലീസ് മർദനത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു. കൊളംബോ കോട്ടയ്ക്ക് സമീപത്തായി സമരം ചെയ്തവരെയും ഒഴിപ്പിച്ചു. പ്രക്ഷോഭകരിൽ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, സമരം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയതിനുശേഷമുണ്ടായ പൊലീസ് നടപടിയിൽ വൻ വിമർശം ഉയർന്നു.
ആഴ്ചകളായി കൈയടക്കിയിരുന്ന പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങൾ ഗോതബായ രാജ്യം വിട്ടതിനെ തുടർന്ന് പ്രക്ഷോഭകർ സർക്കാരിന് തിരികെയേൽപ്പിച്ചിരുന്നു. എന്നാൽ, റനിൽ വിക്രമസിംഗെയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ സെക്രട്ടറിയറ്റിനുമുന്നിൽ സമരം തുടർന്നു. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രസിഡന്റായി അധികാരത്തിലെത്തിയ ഉടൻ വിക്രമസിംഗെ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിന് മണിക്കൂറുകൾ മുമ്പ് പൊലീസ് പ്രക്ഷോഭകരെ തല്ലിച്ചതച്ചത്. വിക്രമസിംഗെയുടെ സ്ഥാനാരോഹണത്തെ തുടർന്ന് പ്രക്ഷോഭകർ ഒഴിഞ്ഞുപോകുകയായിരുന്നെന്നും നൂറുപേർമാത്രം ശേഷിക്കെയുള്ള പൊലീസ് നീക്കം അനാവശ്യമായിരുന്നെന്നും ജനങ്ങൾ ആരോപിക്കുന്നു. എന്നാൽ, റനിൽ വിക്രമസിംഗെയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നും ജനകീയ സർക്കാർ രൂപീകരിക്കുംവരെ സമരം തുടരുമെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം പ്രക്ഷോഭകർ.
ദിനേഷ് ഗുണവർധന അധികാരമേറ്റു
മുതിർന്ന എംപിയും മുൻ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ അടുത്ത അനുയായിയുമായ ദിനേഷ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുൻ ധനമന്ത്രി അലി സാബ്രിയാണ് പുതിയ വിദേശമന്ത്രി. ധനവകുപ്പ് തുടർന്നും വിക്രമസിംഗെതന്നെ കൈകാര്യം ചെയ്യും. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിക്രമസിംഗെ അറിയിച്ചു.
ആകസ്മികമായാണ് എഴുപത്തിമൂന്നുകാരനായ ഗുണവർധന ലങ്കയുടെ പ്രധാനമന്ത്രിയായത്. മഹാജന എക്സത്ത് പെരമുന നേതാവായ ഇദ്ദേഹം ഗോതബായ സർക്കാരിൽ ധനമന്ത്രിയായിരുന്നു. വിക്രമസിംഗെയുടെ സഹപാഠിയാണ്.