ചെങ്ങന്നൂർ > ചെങ്ങന്നൂരിൽ ബിജെപിയുടെ തകർച്ചയ്ക്ക് പിന്നിൽ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറാണെന്ന് മുൻ മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. ഒരുവിഭാഗം നേതാക്കളെ ഒതുക്കാനാണ് ശ്രമം. മണ്ഡലം കോർ കമ്മിറ്റിയിൽ ജില്ലാ പ്രസിഡന്റിന്റെ ശിങ്കിടികളെ നിറച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചെലവഴിച്ച തുകയുടെ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ധനലക്ഷ്മി ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ സ്ഥാനാർഥിയുടെ അക്കൗണ്ടിൽ സംസ്ഥാന സമിതി നൽകിയ 10 ലക്ഷം രൂപയുടെ കണക്കുകളും അജ്ഞാതമാണ്. എം വി ഗോപകുമാറും ജില്ലാ ട്രഷറർ കെ ജി കർത്തയും നേതൃത്വം നൽകുന്ന സംഘം കുടുംബസ്വത്ത് പോലെയാണ് പാർടി ഫണ്ട് കൈകാര്യംചെയ്യുന്നത്. നിയോജകമണ്ഡലം ഓഫീസിന് ചുറ്റും മതിൽകെട്ടാൻ എന്ന പേരിൽ പരിസരത്തെ തേക്ക് വിറ്റവകയിൽ ലഭിച്ച 60,000 രൂപയുടെ കണക്കും ലഭ്യമല്ല.
മതിൽ ഇതുവരെ കെട്ടിയിട്ടുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലശങ്കർ സ്ഥാനാർഥിയാകുമെന്ന് കരുതിയ ഗോപകുമാർ തന്റെ പഞ്ചായത്തായ പാണ്ടനാട്ടിൽ ഉൾപ്പെടെ വോട്ടർപട്ടികയിൽ പേരു ചേർത്തില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കുറവ് വോട്ട് ലഭിച്ചത് എന്തുകൊണ്ടാണെന്നും എങ്ങനെയാണെന്നും എല്ലാവർക്കും അറിയാം–- സതീഷ് ചെറുവല്ലൂർ പറഞ്ഞു.