തിരുവനന്തപുരം > സിവിക് ചന്ദ്രനെതിരെ അതിജീവിത നൽകിയ പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിൽപ്പെട്ട അതിജീവിതയുടെ പരാതി കേരള സമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ, പ്രസാധകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന സിവിക് ചന്ദ്രനിൽനിന്ന് അതിക്രമം ഉണ്ടായെന്നത് അപലപനീയമാണ്. കേവലം മാപ്പ് പറച്ചിലിൽ ഒതുക്കാൻ പറ്റുന്നതല്ല ലൈംഗികാതിക്രമ കേസുകൾ. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.