വടകര > വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് കോമ്പൗണ്ടില്‍ മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. വടകര താഴേ കോലോത്ത് പൊന്മേരിപറമ്പില് സജീവന് (42) മരിച്ച സംഭവത്തിലാണ് നടപടി. വടകര സ്റ്റേഷനിലെ എസ് ഐ നിജീഷ്, എഎസ്ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര് നായര്‍ സസ്പെന്‍ഡ് ചെയ്തത്.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പെരുവാട്ടും താഴ ജംഗ്ഷനിലായിരുന്നു അപകടം. ഇരുകാറിലെയും യാത്രക്കാര്‍ തമ്മില്‍ സംഭവം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് വാഹനം പൊലീസ് സ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിയ സജീവനെ അകാരണമായി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ യും മറ്റൊരു പൊലീസുകാരനും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ഇതിനിടയില്‍ സജീവന് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ പൊലീസ് സ്റ്റേഷനില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ സജീവന് സ്റ്റേഷന് കോമ്പൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആംബുലന്‍സ് എത്തിച്ച് സജീവനെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് പിടിച്ചെടുത്ത ഇവരുടെ കാര്‍ തിരിച്ചുനല്കണമെന്നാവശ്യപ്പെട്ടപ്പോള് അതിനും പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്. പരേതനായ കണ്ണനാണ് സജീവന്റെ അച്ഛന്. അമ്മ: ജാനു.