തിരുവനന്തപുരം > ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
13 പുരസ്കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായിട്ടാണ് സച്ചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരം. ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യമാണ്. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. മലയാള സിനിമക്ക് തുടർന്നും ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ:
മികച്ച നടി: അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സഹനടൻ: ബിജുമേനോൻ (അയ്യപ്പനും കോശിയും)
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച മലയാള സിനിമ: സെന്ന ഹെഗ്ഡെയുടെ “തിങ്കളാഴ്ച നിശ്ചയം”
ജൂറിയുടെ പ്രത്യേക പരാമർശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത “വാങ്ക്”
മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദൻ സംവിധാനം ചെയ്ത “ഡ്രീമിങ് ഓഫ് വേർഡ്സ്”
മികച്ച നോൺ ഫീച്ചർ ചിത്രം:ശോഭ തരൂർ ശ്രീനിവാസന്റെ “റാപ്സഡി ഓഫ് റെയിൻസ്: ദി മൺസൂൺ ഓഫ് കേരള”
നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ (“ശബ്ദിക്കുന്ന കലപ്പ”)
മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണൻ എഴുതിയ “എംടി അനുഭവങ്ങളുടെ പുസ്തകം”
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (“കപ്പേള”)
മികച്ച ശബ്ദലേഖനം: ശ്രീശങ്കർ, വിഷ്ണു ഗോവിന്ദ് (“മാലിക്ക്”)
എന്നീ കേരളീയർക്കും മലയാള ചിത്രങ്ങൾക്കുമാണ് പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്.