ന്യൂഡൽഹി> ആരോഗ്യം മൗലികാവകാശമാക്കണമെന്ന് രാജ്യസഭയിൽ ആരോഗ്യാവകാശ ബില്ലിൻമേലുള്ള ചർച്ചയിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയ്ക്ക് അർഹിക്കുന്ന പരിഗണന നൽകണം. കേന്ദ്ര ആരോഗ്യമന്ത്രിക്ക് പ്രവർത്തിക്കാനാവുന്നില്ല. വിഭവങ്ങളുടെ കുറവാണ് കാരണം. കൂടുതൽ തുക വകയിരുത്തണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെടണം.
ആയിരക്കണക്കിനുപേർ ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതെയും മരിച്ച ദിവസങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ആയിരം പേർക്ക് 1.4 ആശുപത്രിക്കിടക്കയുണ്ട്. ലോകശരാശരി 2.9 ആണ്. ഇപ്പോൾ ചർച്ചാവിഷയമായ ശ്രീലങ്കയിൽപോലും മൂന്ന് കിടക്കയുണ്ട്. ഇന്ത്യയിൽ ഇത് രണ്ട് എങ്കിലുമായി ഉയർത്താൻ 200 കിടക്കയുള്ള 5000 ആശുപത്രിയെങ്കിലും തുറക്കണം.
കേരളം ആരോഗ്യത്തിന് മുന്തിയ പരിഗണന നൽകുന്നു. ഓരോ ഗ്രാമത്തിലും ഓരോ ആരോഗ്യ കേന്ദ്രമുണ്ട്. രാജ്യത്ത് 70 ശതമാനം പേർൾ സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. 30 ശതമാനം പേർക്കേ സർക്കാർ മേഖല തുണയാകുന്നുള്ളൂ. കേരളത്തിൽ 80 ശതമാനം പേർക്ക് സർക്കാർ ആരോഗ്യമേഖല പ്രയോജനപ്പെടുന്നു. കോവിഡ് കാലത്ത് 95 ശതമാനം കോവിഡ് രോഗികളെയും സർക്കാർ സൗജന്യമായി ചികിത്സിച്ചു. സ്വകാര്യ ആശുപത്രിയിൽ പോയ അഞ്ച് ശതമാനം പേരിൽ ബഹുഭൂരിപക്ഷത്തിനും കാരുണ്യ സബ്സിഡിയും കിട്ടി – ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.