ഒറിഗോൺ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാംതവണയും അന്നുറാണി ജാവലിൻ ത്രോയിൽ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ 59.60 മീറ്റർ എറിഞ്ഞാണ് നേട്ടം. ശനി രാവിലെ 6.50നാണ് ഫൈനൽ. ദേശീയ റെക്കോഡുകാരിയുടെ ആദ്യ ഏറ് ഫൗളായി. രണ്ടാമത്തേതിൽ 55.35 മീറ്റർ. അവസാന ഏറിലാണ് ഫൈനൽ ടിക്കറ്റ് എടുത്തത്. ഗ്രൂപ്പിൽ അഞ്ചാമതായി. 27 പേർ അണിനിരന്ന മത്സരത്തിൽ എട്ടാംസ്ഥാനം. 12 പേർക്കായിരുന്നു ഫൈനൽ യോഗ്യത. 62.50 മീറ്ററായിരുന്നു യോഗ്യതാദൂരം. അതു മറികടക്കാൻ മൂന്നുപേർക്കേ സാധിച്ചുള്ളൂ. ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ ബാക്കി ഒമ്പതുപേരും യോഗ്യത നേടി.
ജപ്പാന്റെ ഹരുക കിറ്റാഗുചിയാണ് മുന്നിൽ–- 64.32 മീറ്റർ. നിലവിലെ ചാമ്പ്യൻ ഓസ്ട്രേലിയയുടെ കെൽസി ലീ ബാർബർ 61.27 മീറ്ററുമായി ഫൈനലിലെത്തി. ഈ സീസണിൽ മികവിൽ മുന്നിലായിരുന്ന അമേരിക്കയുടെ മാഗി മലോൺ പുറത്തായി. മൂന്നാംതവണയാണ് ഇരുപത്തൊമ്പതുകാരിയായ അന്നുറാണി ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 2017ൽ ഫൈനലിൽ എത്തിയില്ല. കഴിഞ്ഞതവണ ദോഹയിൽ 61.12 മീറ്റർ എറിഞ്ഞ് എട്ടാമതായി. ഉത്തർപ്രദേശുകാരിയുടെ പേരിലുള്ള ദേശീയ റെക്കോഡ് 63.82 മീറ്ററാണ്.