കൊച്ചി
ജനങ്ങളെ സ്വാധീനിക്കാൻ കലാകാരന്മാർക്ക് കഴിയുന്നുവെന്നതിനാലാണ് ഫാസിസ്റ്റ് ശക്തികൾ അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതെന്ന് ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ പറഞ്ഞു. കലാകാരന്മാർ അവരുടെ ശക്തി തിരിച്ചറിഞ്ഞ് അസഹിഷ്ണുതകള്ക്കെതിരെ പ്രതികരിച്ചുകൊണ്ടേയിരിക്കണമെന്നും അവർ പറഞ്ഞു. ഇടതുചിന്തകനും സാമൂഹ്യവിമർശകനും ദാർശനികനുമായ ഡോ. ടി കെ രാമചന്ദ്രന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ (ഫ്രണ്ട്സ് ഓഫ് ടി കെ രാമചന്ദ്രൻ) സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി ‘പൗരൻ കലാകാരനെന്ന നിലയിൽ–- എന്റെ ബോളിവുഡ് കരിയറിന് ഞാനെങ്ങനെ തിരികൊളുത്തി, മറ്റു ചിന്തകളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രതികരിക്കാൻ തയ്യാറാകുന്നവർക്കേ മനുഷ്യനാകാൻ കഴിയൂവെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. കുടുംബങ്ങളിൽ കുട്ടികൾക്ക് പ്രതികരണശേഷിയുണ്ടാക്കാനുള്ള അന്തരീക്ഷമുണ്ടാകണം. പ്രതികരിച്ചുതുടങ്ങുമ്പോഴേ അതിനെ വിലക്കുന്ന രീതി അവസാനിപ്പിക്കണം.
നടിയായതിനാൽ അഭിനയിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയവിഷയങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നും ചുറ്റുമുള്ളവരെല്ലാം പറയാറുണ്ട്.
രാഷ്ട്രീയത്തെ ഞാൻ തെരഞ്ഞെടുത്തല്ല. രാഷ്ട്രീയമാണ് എന്നെ തെരഞ്ഞെടുത്തത്. രാഷ്ട്രീയമാണ് നമ്മളെ ഓരോരുത്തരെയും തെരഞ്ഞെടുക്കുന്നത്. അസഹിഷ്ണുതകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിനാൽ ദിനംപ്രതി നിരവധി ഭീഷണികളാണ് ലഭിക്കുന്നത്. പിന്തുണയ്ക്കുന്നവരുണ്ടെങ്കിൽ എതിർപ്പ് ശക്തമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയടക്കം ചെയ്തു. സമൂഹമാധ്യമങ്ങളിലെ പ്രതികരണം അവസാനിപ്പിക്കാനായി സൈബറിടത്തിൽ തനിക്കെതിരെ കേന്ദ്രീകൃത ആക്രമണം തുടരുകയാണെന്നും അവർ പറഞ്ഞു. ടിഡിഎം ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരൻ എൻ എസ് മാധവൻ സംസാരിച്ചു.