കൊച്ചി
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാനുള്ള സമയം ഹൈക്കോടതി വെള്ളിവരെ നീട്ടി. രണ്ടുദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്നും നിർദേശമൊന്നും കിട്ടിയിട്ടില്ലെന്നും സിബിഎസ്ഇയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സമയം നീട്ടിയത്. കേസ് വെള്ളി പകൽ മൂന്നിന് വീണ്ടും പരിഗണിക്കും. മലപ്പുറം കോട്ടയ്ക്കൽ പീസ് സ്കൂൾ വിദ്യാർഥി അമീൻ സലിം സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ പരിഗണിച്ചത്.
പ്രവേശനനടപടി അനിശ്ചിതമായി നീട്ടാനാകില്ലെന്നും വിദ്യാർഥികളെ ബാധിക്കുമെന്നും ഇപ്പോൾത്തന്നെ സമയക്രമം അതിക്രമിച്ചെന്നും സർക്കാർ വിശദീകരിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ്ടു ഉണ്ട്. രണ്ടു സംവിധാനവും തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എത്ര നാൾ നീട്ടാനാകുമെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ്ടു ഇല്ലെന്നും തിങ്കളാഴ്ചവരെ നീട്ടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടുപോകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.