പോർട്ട് ഓഫ് സ്പെയ്ൻ
വെസ്റ്റിൻഡീസുമായുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. മൂന്നു മത്സരമാണ് പരമ്പരയിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിച്ച പ്രധാന താരങ്ങൾ പലരും ടീമിൽ ഇല്ല. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ-്-ലി, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്-പ്രീത് ബുമ്ര എന്നിവരില്ല. വിശ്രമത്തിലുള്ള ലോകേഷ് രാഹുലിനെ പരിഗണിച്ചില്ല. ഓപ്പണർ ശിഖർ ധവാനാണ് ടീമിനെ നയിക്കുക.
മലയാളിതാരം സഞ്ജു സാംസൺ കളിക്കാൻ സാധ്യതയുണ്ട്. ഏകദിനത്തിൽ ഒരു മത്സരംമാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. ശ്രീലങ്കയ്ക്കെതിരെ. 46 റണ്ണാണ് നേടിയത്. ട്വന്റി–20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിനാൽ സഞ്ജുവിന് ഈ പരമ്പര നിർണായകമാകും.
വെസ്റ്റിൻഡീസിന് ഏകദിനത്തിൽ സമീപകാലത്ത് മികച്ച റെക്കോഡില്ല. തുടർച്ചയായ ആറു കളിയിൽ തോറ്റു. അമ്പതോവർ തികച്ച് ബാറ്റ് ചെയ്യാൻ അവർക്ക് കഴിയുന്നില്ല. 2021 ജനുവരിക്കുശേഷം 12 തവണയാണ് വിൻഡീസ് ആദ്യം ബാറ്റ് ചെയ്തത്. അതിൽ ഒമ്പതുതവണയും അമ്പതോവർ തികയ്ക്കാനായില്ല. അവസാനമായി തോറ്റത് ബംഗ്ലാദേശിനോടാണ്. അതേസമയം, ഓൾ റൗണ്ടർ ജാസൺ ഹോൾഡർ തിരിച്ചെത്തുന്നത് പ്രതീക്ഷ വിൻഡീസിന് നൽകുന്നു.
ക്യാപ്റ്റൻ നിക്കോളാസ് പുരാന് ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയുണ്ട്. ഷായ് ഹോപ്, റോവ്മാൻ പവൽ തുടങ്ങിയവരാണ് ബാറ്റിങ് നിരയിലെ മറ്റു പ്രധാനികൾ. ബൗളർമാരിൽ അക്കീൽ ഹൊസെെനും അൽസാരി ജോസഫും. ഇന്ത്യൻനിരയിൽ ധവാന്റെ മോശം പ്രകടനം തിരിച്ചടിയാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ 112 റൺമാത്രമാണ് നേടാനായത്. വേഗത്തിൽ റണ്ണടിക്കാനുമാകുന്നില്ല. ധവാനൊപ്പം ഓപ്പണറായി ഋതുരാജ് ഗെയ്ക്-വാദോ ഇഷാൻ കിഷനോ ഇറങ്ങും. ദീപക് ഹൂഡയ്ക്കും അവസരം കിട്ടിയേക്കും.
ടീം– ഇന്ത്യ: ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്-വാദ്/ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ, യുശ്-വേന്ദ്ര ചഹാൽ, മുഹമ്മദ് സിറാജ്.വെസ്റ്റിൻഡീസ്: ഷായ് ഹോപ്, ബ്രണ്ടൻ കിങ്, ഷമാർ ബ്രൂക്സ്, കെെൽ മയേഴ്സ്, നിക്കോളാസ് പുരാൻ, റോവ്മാൻ പവൽ, ജാസൺ ഹോൾഡർ, അക്കീൽ ഹൊസെെൻ, അൽസാരി ജോസഫ്, ഗുദകേഷ് മോട്ടി, ജയ്ഡെൻ സീൽസ്.