റോം
ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി രാജിവച്ചു. ബുധനാഴ്ച സെനറ്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പ് ഭരണമുന്നണിയിലെ മൂന്ന് പാർടി ബഹിഷ്കരിച്ചിരുന്നു. തുടർന്നാണ് പ്രസിഡന്റ് സെർജിയോ മറ്ററെല്ലയ്ക്ക് രാജി സമർപ്പിച്ചത്. 38ന് എതിരെ 95 വോട്ടിന് വിശ്വാസ വോട്ടെടുപ്പിൽ ജയിച്ചെങ്കിലും മുന്നണി തകർന്നതിനാൽ രാജിവയ്ക്കുകയാണെന്നും അറിയിച്ചു. ദ്രാഗി സർക്കാരിനോട് കാവൽ സർക്കാരായി തുടരാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.കഴിഞ്ഞയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പ് ഭരണമുന്നണിയിലെ പ്രധാന കക്ഷി ഫൈവ് സ്റ്റാർ മൂവ്മെന്റ് ബഹിഷ്കരിച്ചിരുന്നു. തുടർന്ന് ദ്രാഗി രാജി നൽകിയെങ്കിലും പ്രസിഡന്റ് അംഗീകരിച്ചിരുന്നില്ല. ബുധനാഴ്ച സെനറ്റിനെ അഭിസംബോധന ചെയ്ത ദ്രാഗി, ഒരുമയോടെ മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ഭരണമുന്നണിയിലെ പ്രധാന പാർടികളായ ഫോർസ ഇറ്റാലിയ, ലീഗ്, ഫൈവ് സ്റ്റാർ മൂവ്മെന്റ് എന്നിവ തുടർന്നുനടന്ന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. തുടർന്നാണ് രാജി സമർപ്പിച്ചത്.