കൊളംബോ
സാമ്പത്തികത്തകർച്ചയിൽനിന്ന് രാജ്യത്തെ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വവുമായി റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ എട്ടാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ പ്രധാനമന്ത്രികൂടിയായ വിക്രമസിംഗെയ്ക്കെതിരെ ശ്രീലങ്കൻ തെരുവുകളിൽ ജനരോഷം അലയടിക്കുന്നതിനിടെയാണ് സ്ഥാനാരോഹണം. പാർലമെന്റ് സമുച്ചയത്തിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. കര, നാവിക, വ്യോമസേനാ മേധാവികളും പാർലമെന്റ് സ്പീക്കർ മഹിന്ദ അബെവർധനയും സന്നിഹിതരായി.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാർലമന്റ് മന്ദിരത്തിൽ വൈദ്യുതിബന്ധം നിലച്ചത് ആസൂത്രിതമാണെന്ന ആരോപണവും ഉയർന്നു. പാർലമെന്റിലേക്ക് വിക്രമസിംഗെ പ്രവേശിച്ച ഉടൻ വൈദ്യുതി പോവുകയായിരുന്നു. ചടങ്ങിന്റെ തത്സമയ സംപ്രേഷണം നിലച്ചു. സാധാരണ വൈദ്യുതി പോയി രണ്ടു മിനിറ്റിനുള്ളിൽ ജനറേറ്ററുകൾ താനേ പ്രവർത്തനമാരംഭിക്കും. എന്നാൽ, വ്യാഴാഴ്ച സുപ്രധാന ചടങ്ങിനിടെ പത്തു മിനിറ്റോളമാണ് പാർലമെന്റ് മന്ദിരം ഇരുട്ടിലായത്. വിഷയത്തിൽ സർക്കാർ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു.
ആറു പ്രാവശ്യം രാജ്യത്തിന്റെ പ്രധാനമന്ത്രിയായ എഴുപത്തിമൂന്നുകാരനായ വിക്രമസിംഗെ ഒരിക്കൽപ്പോലും കാലാവധി തികച്ചില്ല. രജപക്സെയ്ക്ക് അധികാരത്തിൽ അവശേഷിച്ചിരുന്ന 2024 നവംബർവരെയുള്ള രണ്ടുവർഷക്കാലമാകും വിക്രമസിംഗെ പ്രസിഡന്റ് പദവിയിൽ ഉണ്ടാവുക.
രാജ്യത്ത് പാർലമെന്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റുമാണ്. 45 വർഷംമുമ്പ് 1977 ജൂലൈ 21നാണ് വിക്രമസിംഗെ ആദ്യമായി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ദിനേഷ് ഗുണവർധന പ്രധാനമന്ത്രിയായേക്കും
ആഭ്യന്തര, തദ്ദേശമന്ത്രിയും ഗോതബായ അനുകൂലിയുമായ ദിനേഷ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായേക്കും. വ്യാഴാഴ്ച പ്രസിഡന്റായി അധികാരമേറ്റ റനിൽ വിക്രമസിംഗെ ഇദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മഹാജന എക്സത്ത് പെരമുന നേതാവാണ്.
അടുത്തദിവസങ്ങളിൽത്തന്നെ വിക്രമസിംഗെ 20–- 25 അംഗ മന്ത്രിസഭയെ തെരഞ്ഞെടുക്കും. പുതിയ സർക്കാർ അധികാരത്തിലെത്തുംവരെ പഴയ മന്ത്രിസഭ തുടരുമെന്നും വിക്രമസിംഗെ പ്രഖ്യാപിച്ചു. പഴയ മന്ത്രിസഭാംഗങ്ങൾ വിക്രമസിംഗെയ്ക്കു മുന്നിൽ വെള്ളിയാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.