ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യദിനം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. വ്യാഴാഴ്ച പകൽ പന്ത്രണ്ടരയോടെയാണ് സോണിയ ഇഡി ഓ-ഫീസിൽ ഹാജരായി. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ദീർഘസമയം ചോദ്യം ചെയ്യാതിരുന്നതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. 25ന് വീണ്ടും ഹാജരാകാൻ നിർദേശിച്ചു. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് എഴുപത്തഞ്ചുകാരിയായ സോണിയ എത്തിയത്.
ഇഡി അഡീഷണൽ ഡയറക്ടറായ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചോദ്യംചെയ്തത്. 50 ചോദ്യമാണ് തയ്യാറാക്കിയിരുന്നത്. സോണിയയുടെ ആവശ്യപ്രകാരം പ്രിയങ്കയെ മറ്റൊരു മുറിയിൽ തുടരാൻ ഇഡി അനുവദിച്ചു. കോവിഡ് മുക്തയായി അധികനാൾ കഴിഞ്ഞിട്ടില്ലാത്തതിനാൽ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ കോവിഡ് നെഗറ്റീവാകണം, വായുസഞ്ചാരമുള്ള മുറിയിൽ ചോദ്യംചെയ്യണം തുടങ്ങിയ സോണിയയുടെ ആവശ്യങ്ങളും അംഗീകരിച്ചു. സോണിയയുടെ വസതി മുതൽ ഇഡി ഓഫീസ് വരെ പൊലീസ് വൻസുരക്ഷ ഒരുക്കി.
ജൂൺ എട്ടിനും പിന്നീട് 23നും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സമയം നീട്ടിവാങ്ങുകയായിരുന്നു. കേന്ദ്രസർക്കാർ ഇഡിയെ ആയുധമാക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു.
എഐസിസി ആസ്ഥാനത്ത് കേന്ദ്രീകരിച്ച് നേതാക്കളും പാർലമെന്റ് ബഹിഷ്കരിച്ച് കോൺഗ്രസ് എംപിമാരും പ്രതിഷേധിച്ചു. നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.