ന്യൂഡൽഹി
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്രസർക്കാർ നടപടി പാർലമെന്റിൽ ഉയർത്താൻ കോൺഗ്രസ് എംപിമാർ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. അവർ പാർലമെന്റ് ബഹിഷ്കരിച്ച് എഐസിസി ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ജി23 നേതാക്കളിൽ പ്രമുഖനായ ഗുലാംനബി ആസാദും പിന്തുണയറിച്ച് എഐസിസി ആസ്ഥാനത്തെത്തി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 75 എംപിമാരെയും നേതാക്കളെയും ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. പി ചിദംബരം, അജയ്മാക്കൻ, മാണിക്കംടാഗോർ, കെ സി വേണുഗോപാൽ, അധീർരഞ്ജൻ ചൗധരി, ശശി തരൂർ, സച്ചിൻപൈലറ്റ്, ഹരീഷ് റാവത്ത്, അശോക് ഗെലോട്ട്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അറസ്റ്റിലായി. അറസ്റ്റിലായ നേതാക്കളെ കിങ്ങ്സ്വേ ക്യാമ്പ് സ്റ്റേഷനിൽ എത്തിച്ചു. അഴിമതി നടത്തിയിട്ടില്ലെങ്കിൽ കോൺഗ്രസ് നേതാക്കൾ അന്വേഷണ ഏജൻസികളെ ഭയപ്പെടുന്നത് എന്തിനാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.
ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. തെലങ്കാനയിൽ സ്കൂട്ടർ അഗ്നിക്കിരയാക്കി. ഡൽഹിയിലും കേരളത്തിലും ട്രെയിനുകൾ തടഞ്ഞു. മുംബൈ, ചണ്ഡിഗഢ്, പട്ന, നാഗ്പുർ, ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. വാഹനങ്ങൾ കത്തിച്ചും ട്രെയിനുകൾ തടഞ്ഞും റോഡുകൾ ഉപരോധിച്ചുമുള്ള കോൺഗ്രസ് സമരം ജനം ദുരിതത്തിലായി.