ന്യൂഡൽഹി> രാജ്യത്തെ കോടതികളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയോളം കേസാണെന്ന് രാജ്യസഭയിൽ എ എ റഹിമിന് നിയമമന്ത്രി കിരൺ റിജിജു മറുപടി നൽകി. സുപ്രീംകോടതിയിൽ മാത്രം 72,062 കേസ് കെട്ടിക്കിടക്കുന്നു. ഹൈക്കോടതികളിൽ 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലുമായി 4,19,79,353 കേസും കെട്ടിക്കിടക്കുന്നുണ്ട്.
സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരുടെ ഒഴിവുണ്ട്. എല്ലാ ഹൈക്കോടതികളിലുമായി 386 ഒഴിവുകളും, ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലുമായി 5,343 ഒഴിവുകളും നിലനിൽക്കുന്നു. അലഹബാദ് ഹൈക്കോടതിയിൽ മാത്രം 69 ഒഴിവാണ് നികത്താനുള്ളത്. പഞ്ചാബ് ആൻഡ് -ഹരിയാന, ബോംബൈ ഹൈക്കോടതികളിലായി 39 വീതം ഒഴിവുകൾ നിലനിൽക്കുന്നു. നീതി നിർവഹണം വേഗത്തിലാക്കണമെന്നും കോടതികളിലെ എല്ലാ തലങ്ങളിലുമുള്ള ഒഴിവുകൾ ഉടൻ നികത്തണമെന്നും എ എ റഹിം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.