ന്യൂഡൽഹി > നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറിന് ഇഡി) മുന്നിൽ ഉന്ന് ചോദ്യം ചെയ്യലിനെത്തും. ആരോഗ്യകാരണങ്ങളാൽ മുമ്പ് ഒന്നിലേറെ തവണ സോണിയ സമയം നീട്ടിവാങ്ങിയതായിരുന്നു. അതേസമയം കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 11നാണ് സോണിയ ഇഡി ഓഫീസിൽ എത്തുക. പാർടി എംപിമാരും കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളും മറ്റ് നേതാക്കളും സോണിയക്കൊപ്പം ഉണ്ടാകും.
ഇതേ കേസിൽ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസം 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. അറസ്റ്റടക്കം നടപടികളിലേക്ക് ഇഡി കടക്കുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെ ചോദ്യംചെയ്തപ്പോൾ നടത്തിയതിനു സമാനമായ പ്രതിഷേധം ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാർലമെൻറിലടക്കം പ്രതിഷേധിക്കാനാണ് തീരുമാനം.
അന്വേഷണഏജൻസികളെ രാഷ്ട്രീയആയുധമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിന് മറ്റ് പ്രതിപക്ഷപാർടികളും പിന്തുണയ്ക്കണമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ മല്ലികാർജുൻഖാർഗെയും ജയ്റാം രമേശും അഭ്യർഥിച്ചു. അതേസമയം കേരളത്തിൽ ഇഡിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന കോൺഗ്രസ് ഡൽഹിയിൽ സ്വന്തം നേതാക്കളെ ഇഡി വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശം ശക്തമായി.