ലണ്ടൻ> ഉഷ്ണതരംഗം കനത്തതോടെ യൂറോപ്പിൽ തീപിടിത്തം വ്യാപിക്കുന്നു. ലണ്ടനിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതിനുപിന്നാലെ പലയിടത്തും കാട്ടുതീ വ്യാപിച്ചു. 41 വീടുകൾ അഗ്നിക്കിരയായി. നിരവധി പേരെ ഒഴിപ്പിച്ചു. ബ്രിട്ടന് പുറമേ ഫ്രാൻസ്, ഗ്രീസ്, സ്പെയ്ൻ, ഇറ്റലി എന്നിവിടങ്ങളിലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഫ്രാൻസിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ തീ നിയന്ത്രണവിധേയമായിത്തുടങ്ങി. കൂടുതൽ നാശം വിതച്ച ജിറോണ്ടെയിൽ തീ ശമിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇവിടം സന്ദർശിച്ചു. ഉഷ്ണതരംഗം വടക്ക് കിഴക്കോട്ട് നീങ്ങിയതോടെ ജർമനിയിൽ ജലാശയങ്ങളിൽ ജലനിരപ്പ് വൻതോതിൽ താഴ്ന്നു.