മാഞ്ചസ്റ്റർ
ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് തോൽവിയോടെ ഏകദിന ക്രിക്കറ്റ് മതിയാക്കി. ദക്ഷിണാഫ്രിക്ക ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെ 62 റണ്ണിന് തോൽപ്പിച്ചു. വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്ന സ്റ്റോക്സിന് അവസാനമത്സരത്തിൽ തിളങ്ങാനായില്ല. സ്കോർ: ദക്ഷിണാഫ്രിക്ക 5–-333, ഇംഗ്ലണ്ട് 271 (46.5).
അഞ്ചു റണ്ണെടുത്ത സ്റ്റോക്സിനെ എയ്ഡൻ മർക്രം വിക്കറ്റിനുമുന്നിൽ കുടുക്കി. അഞ്ച് ഓവർ എറിഞ്ഞെങ്കിലും 44 റൺ വഴങ്ങിയതല്ലാതെ വിക്കറ്റ് കിട്ടിയില്ല. വാൻ ഡെർ ദുസെന്റെ തകർപ്പൻ സെഞ്ചുറിയാണ് (117 പന്തിൽ 134) ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മർക്രവും (77) ജന്നെമൻ മലനും (57) പിന്തുണ നൽകി.
ഇംഗ്ലണ്ടിന് മികച്ച തുടക്കമായിരുന്നു. ജോ റൂട്ടും (86) ജോണി ബെയർസ്റ്റോയും (63) ജാസൻ റോയിയും (43) അടിച്ചുകളിച്ചു. എന്നാൽ, അതിന് തുടർച്ചയുണ്ടായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ആൻറിച്ച് നോർത്യേ നാല് വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാമത്തെ കളി നാളെ വൈകിട്ട് 5.30നാണ്.















