ന്യൂഡൽഹി
ഉത്തേജകമരുന്നടിച്ച രണ്ട് വനിതാ അത്ലീറ്റുകളെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കി. സ്പ്രിന്റർ എസ് ധനലക്ഷ്മിയും ട്രിപ്പിൾജമ്പ് താരം ഐശ്വര്യ ബാബുവുമാണ് പുറത്തായത്. ധനലക്ഷ്മി 100 മീറ്ററിലും റിലേയിലുമാണ് മത്സരിക്കേണ്ടിയിരുന്നത്. കസാക്കിസ്ഥാനിൽ നടന്ന ക്വസനോവ് മീറ്റിൽ 22.89 സെക്കൻഡിൽ തമിഴ്നാട്ടുകാരി സ്വർണം നേടിയിരുന്നു. 23 സെക്കൻഡിൽ താഴെ സമയത്തിൽ ഓടിയ മൂന്നാമത്തെ ഇന്ത്യൻ താരമെന്ന വിശേഷണവും കിട്ടിയിരുന്നു. എന്നാൽ, അവിടെ നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് മൂത്രസാമ്പിൾ ശേഖരിച്ചത്. ലോക അത്ലറ്റിക്സിനുള്ള ടീമിലുണ്ടായിട്ടും കോമൺവെൽത്ത് ഗെയിംസ് ഒരുങ്ങുകയാണെന്നു പറഞ്ഞ് ഇരുപത്തിനാലുകാരി പിന്മാറിയിരുന്നു.
ചെന്നൈയിൽ കഴിഞ്ഞമാസം നടന്ന ഇന്റർ സ്റ്റേറ്റ് മീറ്റിലാണ് ഐശ്വര്യ മരുന്നടിച്ചത് കണ്ടെത്തിയത്. ഈ മീറ്റിൽ അസാധാരണ പ്രകടനമായിരുന്നു കർണാടകക്കാരിയുടേത്. ട്രിപ്പിൾജമ്പിൽ മലയാളിതാരം മയൂഖ ജോണി സ്ഥാപിച്ച 11 വർഷംമുമ്പുള്ള ദേശീയ റെക്കോഡ് തിരുത്തിയിരുന്നു (14.14 മീറ്റർ). ലോങ്ജമ്പിൽ 6.73 മീറ്റർ ചാടി സ്വർണവും നേടി. അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ കഴിഞ്ഞാലുള്ള ഏറ്റവും മികച്ച ദൂരമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി ശേഖരിച്ച സാമ്പിളിലാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയത്.
ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ 28 മുതൽ ആഗസ്ത് എട്ടുവരെ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് തയ്യാറെടുക്കുന്ന അത്ലറ്റിക്സ് ടീമിന് കനത്ത തിരിച്ചടിയാണ്. 36 അംഗ ടീമിനെ അയക്കാനായിരുന്നു തീരുമാനം.















