ഗള്ളെ
ശ്രീലങ്കയിലെ സ്പിൻ പിച്ചിൽ പാകിസ്ഥാന്റെ ഐതിഹാസികപോരാട്ടം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാല് വിക്കറ്റിന്റെ ആവേശകരമായ ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. ഗള്ളെയിൽ ഒരു ടീം പിന്തുടർന്ന് നേടുന്ന ഏറ്റവും മികച്ച ജയം. 342 റൺ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ അഞ്ചാംദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. 160 റണ്ണുമായി പുറത്താകാതെ നിന്ന അബ്ദുള്ള ഷെഫീഖായിരുന്നു വിജയശിൽപ്പി.
സ്കോർ: ശ്രീലങ്ക 222, 337; പാകിസ്ഥാൻ 218, 6–344.
ദിവസങ്ങൾക്കുമുമ്പ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ സ്പിൻ കെണിയിൽ വീഴ്ത്തിയ ലങ്കയെ പാകിസ്ഥാൻ ചെറുത്തു. ഷെഫീഖിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. 408 പന്തുകൾ നേരിട്ട ഷെഫീഖ് ഒരു സിക്സറും ഏഴ് ഫോറും പായിച്ചു. 40 റണ്ണെടുത്ത മുഹമ്മദ് റിസ്വാൻ മികച്ച പിന്തുണ നൽകി. ലങ്കൻനിരയിൽ നാല് വിക്കറ്റെടുത്ത പ്രഭാത് ജയസൂര്യക്ക് സഹ ബൗളർമാരിൽനിന്ന് പിന്തുണ കിട്ടിയില്ല.















