തിരുവനന്തപുരം
കേരള ബാങ്കിന്റെ നിഷ്ക്രിയാസ്തിയിൽ രണ്ടുവർഷത്തിൽ നിർണായക കുറവ്. കഴിഞ്ഞ സാമ്പത്തിക വർഷം 13.35 ശതമാനത്തിലെത്തി. മുൻവർഷം 14.47 ശതമാനമായിരുന്നു. മൊത്തം ബിസിനസിൽ കഴിഞ്ഞവർഷം 4460.61 കോടിയുടെ വർധനയുണ്ടായി. അയ്യായിരത്തിലധികംവരുന്ന ജീവനക്കാരുടെയും ഭരണ സമിതിയുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടമുണ്ടാക്കിയതെന്ന് സഹകരണമന്ത്രി വി എൻ വാസവനും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബാങ്കിന്റെ പ്രവർത്തന ലാഭം 336.39 കോടിയും അറ്റലാഭം 77.24 കോടിയുമാണ്. കോവിഡ് പ്രതിസന്ധിയും പുനക്രമീകരിച്ച വായ്പയ്ക്ക് ആർബിഐ നിർദേശപ്രകാരം കൂടുതൽ കരുതൽ വച്ചതും അറ്റലാഭം കുറച്ചു. പ്രവർത്തന ലാഭത്തിൽ വലിയ വർധനയുണ്ട്. മൂലധന പര്യാപ്തത 6.26ൽനിന്ന് 10.24 ശതമാനമായി.
ബാങ്കിന്റെ ഐടി സംയോജനം ഡിസംബറിൽ പൂർത്തിയാകും. നിലവിൽ 85 ശാഖയെ ആസ്ഥാന ശൃംഖലയിൽ യോജിപ്പിച്ചു. ഇൻഫോസിസ് ബാങ്കിങ് സോഫ്റ്റുവെയർ ഫിനക്കിളിന്റെ ആധുനിക പതിപ്പ് ഉപയോഗിക്കുന്ന ആദ്യ ബാങ്കായി. സഹകരണ മേഖലയലിലെ മികച്ച പ്രവർത്തനത്തിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ –-ഓപ്പറേറ്റിവ് ബാങ്കിന്റെ ദേശീയ അവാർഡിനും കേരള ബാങ്ക് അർഹമായി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ അഡ്വ. എസ് ഷാജഹാൻ, പി ഗഗാറിൻ, ചീഫ് ജനറൽ മാനേജർമാരായ കെ സി സഹദേവൻ, റോയി എബ്രഹാം, ജനറൽ മാനേജർ പി അനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ബി ദി നമ്പർ വൺ വിജയികളെ പ്രഖ്യാപിച്ചു ; കോഴിക്കോട് മുന്നിൽ
കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ബി ദി നമ്പർ വൺ’ പ്രചാരണം ആദ്യഘട്ടത്തിലെ മികച്ച പ്രവർത്തനത്തിലെ സമ്മാനാർഹരെ സഹകരണ മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. മേഖലാ ഓഫീസുകളിൽ കോഴിക്കേടാണ് ഒന്നാമത്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും ലഭിക്കും. മികച്ച ക്രഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും മൂന്നുലക്ഷം രൂപയും സമ്മാനം. ശാഖകളിൽ മുന്നിലെത്തിയ കോഴിക്കോട്ടെ കൊയിലാണ്ടിയും വയനാട്ടിലെ കേണിച്ചിറയും മിനിസ്റ്റേഴ്സ് ട്രോഫിയും രണ്ടുലക്ഷം രൂപയും പങ്കിടും. ഫലകവും ലഭിക്കും. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കതിരൂർ മികച്ച പ്രാഥമിക സംഘം
അംഗസംഘങ്ങളായ പ്രാഥമിക ബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കും പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി കേരള ബാങ്ക് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണൂർ കതിരൂർ സർവീസ് സഹകരണ ബാങ്കാണ് ഒന്നാമത്. കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും തൃശൂർ പാപ്പനിവട്ടം സർവീസ് സഹകരണ ബാങ്കും രണ്ടും മൂന്നും സ്ഥാനം നേടിയതായി സഹകരണ മന്ത്രി വി എൻ വാസവനും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും അറിയിച്ചു.
അർബൻ ബാങ്കുകൾ
പാലക്കാട് ഒറ്റപ്പാലം കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഈ വിഭാഗത്തിൽ മുന്നിലെത്തി. സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്കും കൊല്ലം കോസ്റ്റൽ അർബൻ സഹകരണ ബാങ്കും രണ്ട്, മൂന്ന് സ്ഥാനം നേടി.