കൊച്ചി
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എതിർക്കുന്ന പ്രമുഖരെന്നപേരിൽ ഉണ്ടാക്കിയ വ്യാജവാട്സാപ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.
‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് ഗ്രൂപ്പ് തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർ, സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരിലാണ് വ്യാജ നമ്പർ. ഇതിനായി ഏതെങ്കിലും ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഗ്രൂപ്പുണ്ടാക്കിയവർക്കെതിരെയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി സംവിധായകൻ ബൈജു കൊട്ടാരക്കരയിൽനിന്ന്, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ബുധൻ പകൽ 12ന് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ടുവരെ നീണ്ടു. നടി മഞ്ജു വാര്യർ ഹാജരായില്ല. ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.
വധഗൂഢാലോചനക്കേസിലെ രണ്ടാം പ്രതിയും നടൻ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോൺ ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് വാട്സാപ് ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഫയർഫോഴ്സ് മേധാവി ബി സന്ധ്യ, നടി മഞ്ജു വാര്യർ, സംവിധായകൻ ആലപ്പി അഷറഫ്, ബൈജു കൊട്ടാരക്കര എന്നിങ്ങനെ നീളുന്ന പേരുകൾ ഇതിലുണ്ട്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യാജ ഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച്, സംവിധായകൻ ആലപ്പി അഷറഫിന്റെ മൊഴിയെടുത്തിരുന്നു. ഈ ഗ്രൂപ്പിലെ നാല് സ്ക്രീൻ ഷോട്ടുകൾ ക്രൈംബ്രാഞ്ച് കാണിച്ചുതന്നതായി ആലപ്പി അഷറഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഷോൺ ജോർജ് എന്നയാളുടെ ഫോണിൽനിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് കണ്ടെത്തൽ.