ന്യൂഡൽഹി
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ വ്യാഴാഴ്ച അറിയാം. പാർലമെന്റ് മന്ദിരത്തിൽ പകൽ 11ന് വോട്ടെണ്ണൽ ആരംഭിക്കും. എൻഡിഎയുടെ ദ്രൗപദി മുർമുവും പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹയുമാണ് മത്സരാർഥികൾ. ബിജെഡി, വൈഎസ്ആർസിപി, ജെഎംഎം, ശിവസേന തുടങ്ങി എൻഡിഎയ്ക്ക് പുറത്തുള്ള കക്ഷികൾകൂടി പിന്തുണ പ്രഖ്യാപിച്ചതിനാൽ മുർമുവിന് അറുപത് ശതമാനത്തിലേറെ വോട്ട് തീർച്ചയാണ്.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. പുതിയ രാഷ്ട്രപതി തിങ്കളാഴ്ച ചുമതലയേൽക്കും. പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് നടന്നതെങ്കിലും പതിനഞ്ചാമത് രാഷ്ട്രപതിയാണ് ചുമതലയേൽക്കുക. ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.