ന്യൂഡൽഹി > കഴിഞ്ഞ ഏഴുവർഷ കാലയളവിൽ പത്ത് ലക്ഷത്തിനടുത്ത് ഇന്ത്യാക്കാർ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ മാത്രം നാലു ലക്ഷത്തോളം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ചു. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ പേർ ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ചത്–- 1.63 ലക്ഷം പേർ. 2019 ൽ 1.44 ലക്ഷം പേരും 2020 ൽ 85256 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയെ അറിയിച്ചു.
2015 ൽ 1.41 ലക്ഷവും 2016 ൽ 1.44 ലക്ഷവും 2017 ൽ 1.33 ലക്ഷവും 2018 ൽ 1.34 ലക്ഷവും പേർ പൗരത്വം ഉപേക്ഷിച്ചതായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്രം പാർലമെന്റിനെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം പൗരത്വം ഉപേക്ഷിച്ചവരിൽ 78284 പേർ യുഎസ് പൗരത്വം സ്വീകരിച്ചു. 23533 പേർ ആസ്ത്രേലിയൻ പൗരത്വവും 21587 പേർ കനേഡിയൻ പൗരത്വവും സ്വീകരിച്ചു. 2020 ലും കൂടുതൽ പേർ സ്വീകരിച്ചത് യുഎസ് പൗരത്വമാണ്.