തിരുവനന്തപുരം
ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപ്പാദകരും പാക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുൽപ്പന്നങ്ങൾക്കും അടക്കം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ധനബില്ലുകളുടെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. ഇക്കാര്യത്തിൽ നികുതിവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, വൻകിട സൂപ്പർമാർക്കറ്റുകളിൽ കടകളുടെ പേര് അച്ചടിച്ച കവറുകൾക്ക് നികുതിബാധകമാകും. സാധാരണക്കാരെ ബാധിക്കുന്ന നികുതിവർധനയ്ക്ക് സംസ്ഥാനം എതിരാണ്. ഇക്കാര്യം ജിഎസ്ടി കൗൺസിലിനെ കത്തിലൂടെയും യോഗത്തിൽ നേരിട്ടും അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെയും ബാധിക്കുന്നുണ്ട്. ഇത് മറികടക്കാൻ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്. ബജറ്റിനു പുറത്തുള്ള വായ്പയുടെ പേരിൽ 14,000 കോടിയുടെ വായ്പാവകാശവും കുറയ്ക്കാനുള്ള നീക്കമാണ്. ഇതിനെതിരെ യോജിച്ച പോരാട്ടം വേണ്ടിവരും.
കിഫ്ബിയുടെ പേരിൽ കേസെടുക്കാൻ നീക്കമുണ്ട്. ഈ നീക്കത്തിനു പിന്നിൽ സംസ്ഥാനത്തെ വരുതിയിലാക്കാനുള്ള രാഷ്ട്രീയതാൽപ്പര്യമാണ്. പാർലമെന്റിൽ സംസാരിക്കാനും പ്രതിഷേധത്തിനും വിലക്കേർപ്പെടുത്തി. ഇനി എംപിമാർ ആംഗ്യഭാഷയിൽ സംസാരിക്കേണ്ടിവരുമോ എന്നും മന്ത്രി ചോദിച്ചു. സർഫാസി നിയമത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടും. ബാങ്കുകളുമായും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ട്രഷറിയിൽ പ്രതിസന്ധിയില്ല. തദ്ദേശസ്ഥാപനത്തിന്റെ ഫണ്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.