തിരുവനന്തപുരം
അരി ഉൾപ്പെടെ പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്ക് കേന്ദ്രസർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴിയുള്ള സംസ്ഥാന സർക്കാരിന്റെ അവശ്യസാധന വിൽപ്പനയ്ക്ക് സാമ്പത്തിക ഭാരമേറുന്നു. 13 ഇനം അവശ്യസാധനമാണ് സബ്സിഡി നിരക്കിൽ വിൽക്കുന്നത്. മിക്ക ഇനങ്ങളും പാക്കറ്റിലാണ്. 2016 ഏപ്രിലിനുശേഷം ഇവയുടെ വില വർധിപ്പിച്ചിട്ടില്ല.
പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വില കുറവാണിവിടെ. ശബരി ഉൽപ്പന്നങ്ങളായ തേയില, മല്ലിപ്പൊടി, മുളക് പൊടി, വെളിച്ചെണ്ണ, പുളി, ഏലം, മഞ്ഞൾപ്പൊടി, ഉപ്പ്, ആട്ട എന്നീ ശബരി ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 30 വരെ വിലക്കുറവുണ്ട്. ആറുവർഷത്തിനകം 1950 കോടി രൂപയുടെ വിലക്കിഴിവാണ് സംസ്ഥാന സർക്കാർ നൽകിയത്. മാസം ശരാശരി 25.6 കോടി രൂപ. പുതുക്കിയ ജിഎസ്ടിയോടെ സാമ്പത്തിക ഭാരം എത്രയാണെന്നറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.