തിരുവനന്തപുരം
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ എസ് ശബരീനാഥനെ തൽക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് കോടതി വാക്കാൽ വിധിച്ചെന്ന പ്രചാരണത്തിനു പിന്നിലും ഗൂഢാലോചന. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെയാണ് യൂത്ത്കോൺഗ്രസ് നേതൃത്വം കോടതി പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരായ ശബരീനാഥൻ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. കോടതി കേസിൽ നിലപാടറിയിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിവരം വേണമെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തുടർന്ന് വിവരം തേടാനായി സമയമനുവദിച്ച് കോടതി കേസ് മാറ്റിവച്ചു. വീണ്ടും കേസ് പരിഗണിച്ചപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും പൊലീസിനെ സമ്മർദത്തിലാക്കി അറസ്റ്റ് വൈകിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂത്ത്കോൺഗ്രസ് നേതൃത്വം കേസ് പരിഗണിച്ചതിനു പിന്നാലെ കള്ളക്കഥയുമായി രംഗത്തെത്തിയത്.
പുറത്തെത്തിയത് ഗ്രൂപ്പ് പോരിന്റെ സ്ക്രീൻഷോട്ട്
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജാമ്യം കിട്ടിയെങ്കിലും ശബരീനാഥനെ കാത്തിരിക്കുന്നത് ഗ്രൂപ്പങ്കം. പാലക്കാട്ട് നടന്ന ചിന്തൻ ശിവിറിനു പിന്നാലെയാണ് യൂത്ത്കോൺഗ്രസിൽ അടിപൊട്ടിയത്. ഇതിന്റെ തുടർച്ചയാണ് കലാപാഹ്വാനമടങ്ങിയ സ്ക്രീൻ ഷോട്ട് പുറത്തായത്. ചിന്തൻ ശിവിറിനിടെ വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവത്തിൽ ശബരീനാഥനെടുത്ത നിലപാടിൽ ഒപ്പമുള്ള പലർക്കും വിയോജിപ്പുണ്ടായിരുന്നു. അതാണ് സ്ക്രീൻഷോട്ട് പുറത്തുവന്നതിന് പിന്നിൽ എന്നാണ് വിലയിരുത്തൽ. അറസ്റ്റിനു പിന്നാലെ രോഷപ്രകടനം നടത്തിയ പലനേതാക്കളുടെയും ആത്മാർഥതയിൽ ശബരീനാഥന്റെ ഒപ്പമുള്ളവർക്ക് സംശയമുണ്ട്.
സ്ക്രീൻഷോട്ട് പുറത്തുവന്ന ഞായർ വൈകിട്ടുതന്നെ ‘ചാരനെ’ തെരഞ്ഞ് തുടങ്ങിയിരുന്നു. നേതാക്കളിൽ ഭൂരിഭാഗത്തിന്റെയും അറിവോടെയാണ് മുഖ്യമന്ത്രിക്കെതിരായ അക്രമത്തിന് പ്രവർത്തകർ തയ്യാറായത്.എന്നാൽ, ശബരീനാഥന്റെ ഇടപെടൽമാത്രം പുറത്തെത്തിച്ചതാര് എന്നാണ് ചോദ്യം.