ഒറിഗോൺ
ട്രിപ്പിൾ ജമ്പിൽ യൂലിമർ റോജാസിന് എതിരാളികളില്ല. ലോക അത്-ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാംതവണയും വെനസ്വേലക്കാരി പൊന്നണിഞ്ഞു. 15.47 മീറ്റർ ചാടിയാണ് നേട്ടം. തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ് സ്വർണമാണ് ഇരുപത്താറുകാരിക്ക്. ടോക്യോ ഒളിമ്പിക്സിലും സ്വർണമായിരുന്നു.
ലോക റെക്കോഡുകാരിയായ റോജാസിന് ഇക്കുറി വെല്ലുവിളിയുണ്ടായില്ല. ട്രിപ്പിൾ ജമ്പിലെ നാലാമത്തെ മികച്ച ദൂരമാണ് കുറിച്ചത്. 15.67 മീറ്ററിലാണ് ലോക റെക്കോഡ്. കഴിഞ്ഞ ഒളിമ്പിക്സിലായിരുന്നു ഈ നേട്ടം.ജമെെക്കയുടെ ഷനിയേക്ക റിക്കെറ്റ്സിനാണ് (14.89) വെള്ളി. അമേരിക്കയുടെ ടോറി ഫ്രാങ്ക്ളിൻ (14.72) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 1500 മീറ്ററിലും മികച്ച പ്രകടനം കണ്ടു. കെനിയയുടെ ഫെയ്ത് കിപ്യെഗോൺ ചാമ്പ്യനായി. മൂന്ന് മിനിറ്റ് 52.96 സെക്കൻഡിൽ ഒന്നാമതെത്തി. കെനിയക്കാരിയുടെ നാലാം ലോക മീറ്റ് സ്വർണമാണിത്. മാരത്തണിൽ ഗൊയ്തോം ഗബ്രിസ്ലാസെ (2:18:11) ചാമ്പ്യനായി.