ഒറിഗോൺ
ഇക്കുറി കൂട്ടുകാരൻ ജിയാൻമാർകോ ടമ്പേരിയുമായി സ്വർണം പങ്കിടേണ്ടിവന്നില്ല മുതാസ് ഇസ ബാർഷിമിന്. ലോക ചാമ്പ്യൻഷിപ് ഹെെജമ്പ് വേദിയിൽ ബാർഷിമിനെക്കാൾ ഉയരത്തിൽ ഹെെജമ്പ് ആരും ചാടിയില്ല. 2.37 മീറ്ററിൽ, ഈ സീസണിലെ ഏറ്റവും മികച്ച ഉയരത്തിൽ ഖത്തറുകാരൻ ലോക ചാമ്പ്യനായി. ഹെെജമ്പിൽ തുടർച്ചയായ മൂന്നാം ലോക മെഡൽ. മറ്റൊരു താരത്തിനുമില്ലാത്ത നേട്ടം. ഇറ്റലിക്കാരൻ ടമ്പേരി നാലാമതായി.
ടോക്യോ ഒളിമ്പിക്സിലായിരുന്നു ഒരേസമയം ആവേശവും കൗതുകവും നിറച്ച പങ്കിടലുണ്ടായത്. ഒരേ ഉയരത്തിൽ ബാർഷിമും ടമ്പേരിയും സ്വർണം പങ്കിടുകയായിരുന്നു. അടുത്തസുഹൃത്തുക്കളാണ് ഇരുവരും. പരിക്കുകാരണം ടമ്പേരിക്ക് ഈ സീസണിൽ തിളങ്ങാനായിട്ടില്ല. ഒറിഗോണിൽ 2.33 മീറ്ററിൽ അവസാനിപ്പിച്ചു.
ദക്ഷിണ കൊറിയയുടെ സാംഗിയോക്ക് വൂ (2.35) വെള്ളി നേടി. 2.33 മീറ്റർ ആദ്യശ്രമത്തിൽ കടന്ന് ഉക്രയ്നിന്റെ ആൻഡ്രി പ്രൊസ്റ്റെങ്കോ വെങ്കലവും സ്വന്തമാക്കി.ബാർഷിം 2.37 മീറ്റർ ചാടി സ്വർണം ഉറപ്പിച്ചതിനുശേഷം 2.41 മീറ്റർ ഉയരത്തിലേക്കും ശ്രമം നടത്തി. പക്ഷേ, കീഴടക്കാനായില്ല.