കണ്ണൂർ
സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തിൽ കോഴിക്കോടിനെ തകർത്തു (25–23, 25–18,25–21). വനിതകളിൽ മലപ്പുറത്തെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ: 25-–-17, 34–-32, 25–-21. പുരുഷവിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് എറണാകുളത്തെ മറികടന്ന് തൃശൂരും വനിതകളിൽ കോഴിക്കോടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് പത്തനംതിട്ടയും മൂന്നാംസ്ഥാനം നേടി.
വനിതാ ഫൈനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ എസ് ജിനി നയിച്ച തിരുവനന്തപുരം വനിതകൾക്കുമുന്നിൽ മലപ്പുറം ഏകപക്ഷീയ സെറ്റുകൾക്ക് തോറ്റെങ്കിലും വിറപ്പിച്ചു വിട്ടു. കെഎസ്ഇബിയുടെ താരനിര മലപ്പുറത്തെ നിരന്തരം ഷോക്കേൽപ്പിച്ചു. രാജ്യാന്തരതാരങ്ങളോടാണ് ഏറ്റുമുട്ടുന്നതെന്ന തിരിച്ചറിവിൽ മലപ്പുറത്തിനായി അണിനിരന്ന പൊലീസ്നിര കനത്ത തിരിച്ചടിയും നൽകി. ശ്രുതിയും അനുശ്രീയും സ്മാഷുകളിലൂടെയും സൂര്യ പ്രതിരോധത്തിലൂടെയും മലപ്പുറത്തെ ശ്വാസംമുട്ടിച്ചു. മലപ്പുറത്തിന്റെ രാജ്യാന്തരതാരം എസ് ശരണ്യയുടെ ഉശിരൻ സ്മാഷുകൾ തിരുവനന്തപുരം പാടുപെട്ടാണ് തടഞ്ഞത്. എം കെ സേതുലക്ഷ്മിയും അനഘയും ശരണ്യക്ക് മികച്ച പിന്തുണ നൽകി. അജുമോളിന്റെ പ്രതിരോധവും തിരുവനന്തപുരത്തിന് ഭീഷണിയായി. എങ്കിലും നിലവിലുള്ള ചാമ്പ്യന്മാരെ അട്ടിമറിക്കാനുള്ള ശേഷി മലപ്പുറത്തിനുണ്ടായിരുന്നില്ല. പുരുഷന്മാരിൽ കോഴിക്കോടിനെതിരെ രാജ്യാന്തര താരം ഷോൺ ടി ജോണും ജൂനിയർ താരം അൻസൽ മുഹമ്മദും തിരുവനന്തപുരത്തിനായി തകർപ്പൻ കളി പുറത്തെടുത്തു.