ഒരു അഭിമുഖത്തിൽ എം എം മണി പറഞ്ഞത് ഓർക്കുന്നു: “ഈ ജില്ലയിൽ ഏതാണ്ട് എല്ലാ തോട്ടങ്ങളിലും ഞാൻ പണിയെടുത്തിട്ടുണ്ട്…’
മണിയാശാൻ ഒരു പ്രതീകമാണ്. പണിയെടുക്കുന്നവരുടെ ജീവിതത്തിന്റെയും നിറത്തിന്റെയും ഭാഷയുടെയും പ്രതീകം.
രാജ്യം സ്വാതന്ത്ര്യംനേടി മുക്കാൽനൂറ്റാണ്ടിലെത്തിയെങ്കിലും അധ്വാനിച്ചു ജീവിക്കുന്നവരുടെ ഇടയിൽനിന്ന് അധികം പേരൊന്നും രാഷ്ട്രീയ നേതൃത്വത്തിലും ഭരണതലത്തിലും എത്തിയിട്ടില്ല. അവർ എത്തിച്ചേരാതിരിക്കാൻ ഔപചാരിക വിദ്യാഭ്യാസം, ഭാഷ, സംസ്കാരം, നിറം, കുലം തുടങ്ങി നിരവധി വൈതരണികൾ ഭരണവ്യവസ്ഥ ഉണ്ടാക്കിവച്ചിട്ടുണ്ട്.
നാടുവാഴിത്ത മുതലാളിത്ത വൈതരണികളെയെല്ലാം അസാമാന്യ ചങ്കൂറ്റംകൊണ്ടും സാധാരണ ജനങ്ങളുടെ പിന്തുണകൊണ്ടും ചെങ്കൊടിയുടെ കരുത്തുകൊണ്ടും ചെറുത്തു തോൽപ്പിച്ചു എന്നതാണ് മണിയാശാൻ ചെയ്ത കുറ്റം.
ഈ കുറ്റം ചെയ്തതിനാണ് സഖാവ് അഴീക്കോടൻ രാഘവന്റെ ജീവിതം അവർ പാതിവഴിയിൽ അവസാനിപ്പിച്ചത്. പണിയെടുക്കുന്നവരുടെ കൂട്ടത്തിൽനിന്ന് കയറി വന്നു എന്നതിന്റെ പേരിൽ ഒരുകാലത്ത് കേരളത്തിലെ മാധ്യമത്തമ്പുരാക്കൾ വി എസിനെ വേട്ടയാടിയത് ഓർക്കണം.
കഴിഞ്ഞ കാൽനൂറ്റാണ്ടായി മുഖ്യമന്ത്രി പിണറായി വിജയനും അത്തരമൊരു വേട്ടയെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു. കായികവും മാനസികവുമായ ഒരാക്രമണത്തിനും മണിയാശാനെ കീഴ്പ്പെടുത്താനാവില്ല.