വരാപ്പുഴ
വലിയവീട്ടിൽ ട്രാവൽസ് ഉടമയെയും സുഹൃത്തിനെയും തമിഴ്നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ വലിയവീട്ടിൽ വി വി ശിവകുമാർപൈ (50), തിരുവനന്തപുരം കുന്നുകുഴി ടി സി 27/232 ഷൈൻ വില്ലയിൽ നെവിൽ ജി ക്രൂസ്(58) എന്നിവരെയാണ് ധർമപുരി ജില്ലയിൽ നല്ലമല്ലി മുത്തുപള്ളത്ത് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ സാരമായ പരിക്കുള്ളതായി പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന വാഹനം സമീപത്തുനിന്ന് കേടുപാടുകളില്ലാതെ കണ്ടെടുത്തിട്ടുണ്ട്.
ടൂറിസ്റ്റ് ബസ് വ്യവസായിയായിരുന്ന ശിവകുമാർപൈ അടുത്തകാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പണം തിരികെ നൽകാത്തതിനെച്ചൊല്ലി വരാപ്പുഴ പൊലീസിൽ ശിവകുമാറിനെതിരെ പരാതികൾ ഉണ്ടായിരുന്നു. തമിഴ്നാട്ടുകാരിൽനിന്ന് വൻതുക ബിസിനസിനായി വാങ്ങിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായി സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന നെവിൽ ജി ക്രൂസിനൊപ്പം ഞായറാഴ്ചയാണ് ശിവകുമാർ സേലത്തേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ തമിഴ്നാട് പൊലീസാണ് മരണവിവരം വരാപ്പുഴ പൊലീസിൽ അറിയിച്ചത്.
മൃതദേഹങ്ങൾ തമിഴ്നാട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി കേരള പൊലീസിന് കൈമാറും. ഏലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ശ്രീദുർഗ തിയറ്റർ ഉടമയുമായിരുന്ന വിശ്വനാഥപൈയുടെ മകനാണ് ശിവകുമാർ. ഭാര്യ: വിനിത. മക്കൾ: ശ്രീദേവി പ്രിയ, വിശ്വനാഥ്, വിജയനാഥ്, വിഷ്ണുനാഥ്. നെവിൽ ജി ക്രൂസിന്റെ പിതാവ് ഗ്രിഗറി ക്രൂസ്.