ന്യൂഡൽഹി/കണ്ണൂര്‍
ഇൻഡിഗോ വിമാനത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് വിലക്കേർപ്പെടുത്തിയതിനു പിന്നിലെ ബിജെപി– -കോൺഗ്രസ് ഒത്തുകളി പുറത്ത്. തെളിവായി വ്യോമയാനമന്ത്രിയുടെയും കോൺഗ്രസ് എംപിയുടെയും ട്വീറ്റുകൾ.
ജൂൺ 16ന് ഇൻഡിഗോ വിമാന വിഷയത്തിൽ കോൺഗ്രസ് എംപി ഹൈബി ഈഡൻ ട്വീറ്റ് ചെയ്തിരുന്നു. ഇ പി ജയരാജനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ട്?’–- എന്നായിരുന്നു ട്വീറ്റ്. ഇതിന് റീട്വീറ്റ് ചെയ്ത ജ്യോതിരാദിത്യസിന്ധ്യ ‘‘വിഷയം പരിശോധിക്കുമെന്നും നടപടി എടുക്കുമെന്നും’’ ഉടൻ പ്രതികരിച്ചു. വിമാനത്തിനുള്ളിൽ നുഴഞ്ഞുകയറി മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ച അതീവഗുരുതരമായ സംഭവത്തിൽ പ്രതികരിക്കാതിരുന്ന കേന്ദ്രമന്ത്രി, കോൺഗ്രസ് എംപിയുടെ അടിസ്ഥാനരഹിതമായ ആരോപണത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത് കോൺഗ്രസ്–- ബിജെപി ധാരണയ്ക്കുള്ള തെളിവായി.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക് എതിരെ വധശ്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇ പി ജയരാജൻ മുഖ്യമന്ത്രിക്ക് എതിരായ അക്രമം തടയുക മാത്രമാണ് ചെയ്തത് എന്ന വസ്തുത കണക്കിലെടുക്കാതെയാണ് വിമാനക്കമ്പനി വിലക്കേർപ്പെടുത്തിയത്. ഉന്നതങ്ങളിൽനിന്ന് ശക്തമായ സമ്മർദം ഉണ്ടാകാതെ ഇത്തരം അസാധാരണ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.
നിവേദനം നൽകി
ഇ പി ജയരാജന് വ്യോമയാനക്കമ്പനി മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകി. രാജ്യത്തെ വിമാനങ്ങളിൽ ആക്രമണങ്ങൾ വർധിക്കാൻ ഈ തീരുമാനം ഇടയാക്കിയേക്കാം എന്നും നിവേദനത്തിൽ പറഞ്ഞു.