മലപ്പുറം
സ്കൂട്ടർ യാത്രികന് ട്രാഫിക് പൊലീസ് പിഴചുമത്തിയപ്പോൾ എത്തിപ്പെട്ടത് മോഷണക്കേസിൽ. ഹെൽമറ്റ് വയ്ക്കാത്തതിനാണ് കോഴിക്കോട് അത്തോളി സ്വദേശിയ്ക്ക് പൊലീസ് പിഴയിട്ടത്. ചൊവ്വ രാവിലെ 10.40ന് മലപ്പുറം ടൗണിലാണ് സംഭവം.
വണ്ടിയുടെ നമ്പറടക്കമുള്ള വിവരം ഇ–-പോസ് മെഷിനിൽ അപ്ലോഡ് ചെയ്ത് പൊലീസുകാർ സ്കൂട്ടറുകാരന് നോട്ടീസ് നൽകി. ഇത് കൈപ്പറ്റി യുവാവ് പോയി. ഇതിനുശേഷമാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. എട്ടുമാസംമുമ്പ് മോഷണംപോയ തന്റെ സ്കൂട്ടറിനാണ് ഫൈൻ ഈടാക്കിയിരിക്കുന്നതെന്ന് പറഞ്ഞ് കോതമംഗലം സ്വദേശി പി എ സുധീർ മലപ്പുറം ട്രാഫിക് സ്റ്റേഷനിലേക്ക് വിളിക്കുന്നു. സ്കൂട്ടറിന്റെ വിവരങ്ങൾ ഇ–-പോസ് മെഷിനിൽ അപ്ലോഡ് ചെയ്ത സമയത്ത് വാഹനത്തിന്റെ ആർസി ഓണറായ സുധീറിന്റെ ഫോണിൽ മെസേജ് ലഭിച്ചു. വാഹനത്തിന്റെ രേഖകൾ കൂടി സുധീർ അയച്ചുകൊടുത്തതോടെ ട്രാഫിക് പൊലീസ് ഉണർന്നു. കോഴിക്കോട്ട് വിലാസമാണ് യുവാവ് നൽകിയിരുന്നതെങ്കിലും രണ്ട് മണിക്കൂറുകൊണ്ട് മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവിനെ പൊലീസ് പൊക്കി.
കോഴിക്കോട് സ്വദേശിയായ അജ്മലിൽനിന്ന് 10,000 രൂപ കൊടുത്ത് വാങ്ങിയ സ്കൂട്ടറാണെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇതോടെ ട്രാഫിക് പൊലീസ് സ്കൂട്ടറെയും ഡ്രൈവറെയും മലപ്പുറം പൊലീസിന് കൈമാറി.