തിരുവനന്തപുരം
എം എം മണിക്കെതിരെ നടത്തിയ മനുഷ്യത്വരഹിതമായ വംശീയ അധിക്ഷേപത്തെ മറച്ചുവയ്ക്കാനും ലഘൂകരിക്കാനും മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രമം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഖേദപ്രകടന വാർത്തയിൽ പ്രശ്നമൊതുക്കാൻ മനോരമയും മാതൃഭൂമിയും അടക്കമുള്ള ഭൂരിഭാഗം മാധ്യമങ്ങളും വ്യഗ്രതപ്പെട്ടു. ആൾക്കുരങ്ങിന്റെ ചിത്രമുള്ള കട്ടൗട്ടിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധവും ഇതിനെ ന്യായീകരിച്ച സുധാകരന്റെ അധിക്ഷേപങ്ങളും നിസ്സാരവൽക്കരിച്ചാണ് ഈ പത്രങ്ങൾ തിങ്കളാഴ്ച പുറത്തിറങ്ങിയത്.
ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും വിഷയത്തിൽ കണ്ണടച്ചു. കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പ്രതികരണത്തിലെ പദാനുപദം തലകീറി പരിശോധിച്ച് ദിവസങ്ങളോളം വാർത്തകളും മുഖ്യ തലക്കെട്ടുകളും സൃഷ്ടിച്ച മനോരമയ്ക്ക് സുധാകരൻ പറഞ്ഞതൊന്നും വാർത്തയുടെ ഭാഗമായില്ല. ചിമ്പൻസിയുടെ മുഖമാണ് എം എം മണിക്കെന്നും ഇതിനെ ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോയെന്നും അതിന് തങ്ങളെന്ത് പിഴച്ചെന്നും സ്രഷ്ടാവിനോട് പറയുക എന്നല്ലാതെ എന്തുചെയ്യാനാകും എന്നുമൊക്കെ സുധാകരൻ നടത്തിയ പ്രയോഗങ്ങളൊന്നും മനോരമ അറിഞ്ഞില്ല. രമയ്ക്കെതിരായി എം എം മണി ഉപയോഗിച്ചതായി ആക്ഷേപിക്കുന്ന വിധവ, മഹതി തുടങ്ങിയ പദങ്ങൾ തലക്കെട്ടായും കാർട്ടൂണായും കാരിക്കേച്ചറായും ഉപയോഗിച്ചതും മുഖപ്രസംഗം എഴുതിയതും ഇതേ മനോരമയാണ്. മണിയുടെ ഭാഷ പുലയാട്ട് ഭാഷയാണെന്ന് തെളിയിക്കാൻ വ്യഗ്രതപ്പെടുന്ന മാതൃഭൂമിക്കും മഹിളാ കോൺഗ്രസിന്റെയും കെ സുധാകരന്റെയും അധിക്ഷേപം പ്രശ്നമേയല്ല.
എതിർപക്ഷ നേതാക്കളുടെ നിറവും മുഖച്ഛായയും പറഞ്ഞ് അധിക്ഷേപിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ ക്രൂരമനോഭാവത്തിന്റെ മറ്റൊരു പ്രതിഫലനമാണ് മണിക്കെതിരായ അധിക്ഷേപം. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നുവിളിച്ച് ആക്ഷേപിക്കാനും ശ്രമിച്ചിരുന്നു. തൊലി കറുത്തുപോയതിന്റെ പേരിൽ വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും വംശീയ വേട്ടയാടലിന് പലവട്ടം വിധേയനായ പൊതുപ്രവർത്തകനാണ് എം എം മണി. അദ്ദേഹത്തെ അധിക്ഷേപിച്ചത് നിസ്സാരവൽക്കരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിനെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉയരുന്നത്.
സമരത്തിന്റെ രീതി തെറ്റ് : ചെന്നിത്തല
എം എം മണിക്കെതിരായ മഹിളാ കോൺഗ്രസ് പ്രതിഷേധം തിരുത്തേണ്ടതാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഇത്തരം സമരരീതി കോൺഗ്രസ് സംസ്കാരമല്ല. കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ തെറ്റ് തിരുത്തി. വിമാനത്തിൽ കയറിയുള്ള പ്രതിഷേധം അറിഞ്ഞിരുന്നില്ല. ശബരീനാഥന്റെ വിഷയം പാർടി അന്വേഷിക്കും. മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച സമയത്തെ അറസ്റ്റ് ശരിയല്ലെന്നും ചെന്നിത്തല തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.