കൊല്ലം
ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് ശുചീകരണ ജീവനക്കാരായ ആയൂർ കമ്പംകോട് മുട്ടത്തുകോണം പുളിയറ പുത്തൻവീട്ടിൽ എസ് മറിയാമ്മ, തുണ്ടിൽ പടിഞ്ഞാറ്റതിൽ കെ മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ കല്ലുമല രേവതിയിൽ ഗീതു, മഞ്ഞപ്പാറ ജിജി വിലാസത്തിൽ ബീന, കടുത്താനത്ത് ഹൗസിൽ ജോത്സ്ന ജോബി എന്നിവരാണ് അറസ്റ്റിലായത്. കോളേജിന്റെ ജനൽ അടിച്ചുതകർത്ത സംഭവത്തിൽ എബിവിപി ജില്ലാ സംഘടനാ സെക്രട്ടറി വിഷ്ണുവിനെ റിമാൻഡ് ചെയ്തു. പരാതിക്കാരുടെ എണ്ണം അഞ്ചായി. സംഭവം നടന്ന ഞായറാഴ്ച ശൂരനാട് സ്വദേശിയും തുടർന്ന് ഓച്ചിറ, കുളത്തൂപ്പുഴ, ചെറിയ വെളിനല്ലൂർ സ്വദേശികളുമാണ് പരാതി നൽകിയത്.
അന്വേഷക സംഘം കോളേജിലെത്തി പരീക്ഷാദിവസം രാവിലെമുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. തുടർന്നായിരുന്നു അറസ്റ്റ്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ആർ നിശാന്തിനി കോളേജിൽ പരിശോധന നടത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് ഡിഐജി പറഞ്ഞു.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യായ തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റിക്കായിരുന്നു പരീക്ഷാ നടത്തിപ്പ് ചുമതല. ഏജൻസി ചടയമംഗലത്തുള്ള ഗ്രീവൻസ് ഫുഡ്സിന് ഉപകരാർ നൽകി. പരീക്ഷാ നടത്തിപ്പിനായി കോളേജിലെ എംസിഎ വിഭാഗം മേധാവിയുടെ സഹായം ഏജൻസി തേടിയിരുന്നു.
സംഭവത്തെതുടർന്ന് പരീക്ഷാ ചുമതലയുള്ള ഒബ്സർവർ, കോളേജ് മാനേജ്മെന്റ് പ്രതിനിധിയായ സെന്റർ സൂപ്രണ്ട്, ജില്ലാ കോ– -ഓർഡിനേറ്റർ എന്നിവരിൽനിന്ന് എൻടിഎ റിപ്പോർട്ട് തേടിയിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സെന്റർ സൂപ്രണ്ട് പ്രിജി കുര്യൻ ഐസക് നൽകിയ റിപ്പോർട്ട്. പെൺകുട്ടികളുടെ മൊഴിയും റിപ്പോർട്ടും തമ്മിലുള്ള വൈരുധ്യം അന്വേഷക സംഘം വിശദമായി പരിശോധിക്കും. അതിനിടെ പരീക്ഷ നടന്ന കോളേജിൽ ചൊവ്വാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.