അഗളി> അട്ടപ്പാടിയിലെ സ്വകാര്യ കൃഷിയിടത്തിൽ ഒരു വർഷത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി. പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള മുള്ളി ചൂണ്ടപ്പെട്ടിയിൽ തൃശൂർ സ്വദേശി സജിത്തിന്റെ കൃഷി സ്ഥലത്താണ് ആനയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്ഥലം വെട്ടിത്തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികൾ കണ്ടത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സത്യൻ അടക്കമുള്ള വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.
30 വയസ്സ് തോന്നിക്കുന്ന പിടിയാനയുടേതാണ് അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. കാട്ടാന ചരിഞ്ഞതിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കിണ്ണക്കര മലവാരത്തിൽനിന്ന് 30 മീറ്റർ അകലെയാണ് വർഷങ്ങളായി കാടുപിടിച്ചു കിടന്ന സ്ഥലം. വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. മണ്ണാർക്കാട് ഡിഎഫ്ഒ എം കെ സുർജിത്, അട്ടപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി സുമേഷ്, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ അബ്ദുൾ റസാക്, പുതൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിനു, വനം ജീവനക്കാരായ രാജേഷ്, സുരേഷ് ബാബു, മനോജ്, ജിനു, നിതിൻ, പ്രിയ, സജിത എന്നിവരുടെ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി അസ്ഥികൂടം സംസ്കരിച്ചു.