കൊച്ചി> നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതി ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. ഐപിസി 201 പ്രകാരം കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും വകുപ്പുകൾ ചുമത്തി. കേസിൽ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അറിയിച്ചു. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കും. ശരത്തുവഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങൾ എത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി 15ന് അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അനുകൂല തീരുമാനം വരാത്തതോടെയാണ് വിചാരണക്കോടതിയിൽ ഉടനടി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബറിൽ ദിലീപിന്റെ പക്കലെത്തിയെന്നും കുറ്റപത്രത്തിലുണ്ട്. വിഐപിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനഃപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.