തിരുവനന്തപുരം> വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന് ഉപാധികളോടെ ജാമ്യം. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് പി വി ബാലകൃഷ്ണനാണ് ജാമ്യമനുവദിച്ചത്. മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കാനും അക്രമിക്കാനും ആഹ്വാനം ചെയ്തിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ശംഖുമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജ് ശബരീനാഥനെ ചൊവ്വ രാവിലെ 10.50ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ അക്രമിക്കാൻ ശബരീനാഥൻ ആഹ്വാനം ചെയ്യുന്ന വാട്ട്സാപ്പ് സന്ദേശമടങ്ങിയ സ്ക്രീൻഷോട്ട് പുറത്തുവന്നത്. ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനാണ് പ്രത്യേകാന്വേഷണ സംഘാംഗമായ ശംഖുമുഖം അസി. കമീഷണർ ചൊവ്വ ശബരീനാഥനെ വിളിച്ചുവരുത്തിയത്. പത്തരയോടെ ഹാജരായി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം 10.50ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഡാലോചന, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കൽ എന്നീ വകുപ്പുകളും വ്യോമയാന നിയമത്തിലെ സെക്ഷൻ 3(1), 3എ(1), 3എ(1)(എ) വകുപ്പുകളനുസരിച്ചുമാണ് അറസ്റ്റ്.
ഇതേസമയം, ശബരീനാഥൻ മുൻകൂർ ജാമ്യത്തിനായി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി പ്രോസിക്യൂഷന് സമയം നൽകി. അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ ശബരീനാഥനെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം വിദശമായ ചോദ്യം ചെയ്യലിനായി നന്ദാവനം എ ആർ ക്യാമ്പിലെത്തിച്ചു. തുടർന്ന് അഞ്ചോടെ കോടതിയിൽ ഹാജരാക്കി. മുക്കാൽ മണിക്കൂറോളം ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം 7.45ഓടെയാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ജാമ്യത്തുകയായി 50000 രൂപ കെട്ടിവെക്കണം, മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, കസ്റ്റഡി ആവശ്യപ്പെട്ട മൂന്ന് ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നീ കർശന ഉപാധികളൊടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.