നെടുമ്പാശേരി
ബഹ്റൈനിൽനിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ “കുരുവി’ യാത്രചെയ്ത സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ കോ പൈലറ്റിന്റെ വശത്തുള്ള ഗ്ലാസ് കംപാർട്ട്മെന്റിലാണ് കുരുവിയെ കണ്ടത്. വിമാനം പറക്കുന്നതിനിടെ കോക്പിറ്റിനകത്ത് പക്ഷി പറന്നിരുന്നെങ്കിൽ നിയന്ത്രണത്തെവരെ ബാധിക്കുമായിരുന്നു. ഡിജിസിഎ എയർ ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹ്റൈനിൽനിന്ന് പുറപ്പെടുംമുമ്പ് എൻജിനിയർ വിമാനത്തിനകത്ത് പരിശോധന നടത്തിയിരുന്നു. ഫ്ലൈറ്റ് ഡെക്കിൽ പരിശോധന നടത്തവെ കോക്പിറ്റിൽ കുരുവിയെക്കണ്ടു. പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പക്ഷി പറന്നുപോകാൻ ഫ്ലൈറ്റ് ഡെക്കിന്റെ ജനലുകൾ അൽപ്പസമയം തുറന്നിട്ടു. പിന്നീട് ഡെക്കിലോ ക്യാബിനകത്തോ പക്ഷിയെക്കണ്ടില്ല. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടയിലാണ് ഫ്ലൈറ്റ് മാന്വലുകൾ സൂക്ഷിയ്ക്കുന്ന ഗ്ലാസ് കംപാർട്ട്മെന്റിനുസമീപം വീണ്ടും പക്ഷിയെക്കണ്ടത്. നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തപ്പോൾ സാങ്കേതിക വിദഗ്ധരെത്തി പക്ഷിയെ പിടികൂടി. സംഭവം അതീവഗൗരവമായ സുരക്ഷാ വീഴ്ചയാണെന്ന് സുരക്ഷാവിഭാഗം പറഞ്ഞു. ബഹ്റൈനിൽ വിമാനത്തിനകത്ത് പരിശോധന നടത്തിയ എൻജിനിയർക്ക് വീഴ്ച പറ്റിയോയെന്നും അന്വേഷിക്കും.
ആഗോള എയർലൈനുകളുടെ മൂന്ന് വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിങ് നടത്തിയതിലും ഡിജിസിഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ അടിയന്തര ലാൻഡിങ് നടത്തിയത്.