തിരുവനന്തപുരം
ജനങ്ങൾക്ക് വലിയ ബാധ്യത ഉണ്ടാകാതെയും കെഎസ്ഇബിയുടെ നിലനിൽപ്പ് കണക്കാക്കിയുമാണ് വൈദ്യുതി നിരക്ക് പുതുക്കിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ഇതിനുമുമ്പ് 2019 ജൂലൈയിലാണ് നിരക്ക് വർധിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മൊത്ത വിലസൂചികയിൽ 19 ശതമാനത്തോളം വർധനയുണ്ടായി. വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 6.6 ശതമാനം മാത്രമാണ്. ദുർബല വിഭാഗങ്ങൾക്കും കാർഷിക ഉപയോക്താക്കൾക്കും ചെറുകിട വ്യവസായങ്ങൾക്കും ചെറുകിട കർഷകർക്കും താരിഫ് വർധനയില്ല.
താരിഫ് വർധന തീരുമാനിക്കുന്നത് സർക്കാരല്ല. സംസ്ഥാന റഗുലേറ്ററി കമീഷനാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2011 മുതൽ 2016 വരെ മൂന്ന് തവണയായി 44.4 ശതമാനം ചാർജ് വർധിപ്പിച്ചു. 2016–-21 കാലത്ത് രണ്ട് തവണയായി 12.44 ശതമാനംമാത്രമാണ് വർധിപ്പിച്ചത്. ഇപ്പോൾ 6.6 ശതമാനവും. കോവിഡ് കാലത്ത് 279.82 കോടി രൂപയുടെ സബ്സിഡിയാണ് ഉപയോക്താക്കൾക്ക് അനുവദിച്ചത്. നിലവിൽ സഞ്ചിത നഷ്ടം 14,800 കോടിയും വായ്പ ബാധ്യത 10, 600 കോടിയുമാണ്. കെഎസ്ഇബിക്ക് ലഭിക്കാനുള്ള മൊത്തം കുടിശ്ശിക 2,789 കോടിയാണ്. കുടിശ്ശിക പിരിച്ചെടുക്കാൻ അടിയന്തര നടപടിയെടുത്തു. മുൻ വർഷങ്ങളിലെ റവന്യുകമ്മി അടിസ്ഥാനപ്പെടുത്തിയാണ് റഗുലേറ്ററി കമീഷൻ താരിഫ് പരിഷ്കരണം ഒരു കൊല്ലത്തേക്ക് അനുവദിച്ചത്. ഈ വർഷം ഉണ്ടാകുന്ന നേട്ടം വരുംവർഷങ്ങളിലെ താരിഫ് പരിഷ്കരണങ്ങളിൽ പ്രതിഫലിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.